ഹൂസ്റ്റൺ: അമേരിക്കയിലെ ഇന്ത്യൻ നഴ്സുമാരുടെ ദേശീയ സംഘടനയായ നൈനയുടെ ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന ചാപ്റ്ററുകളിലൊന്നായ ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ (ഐനാഗ് – IANAGH) ന്റെ 2020-22 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഡോ. അനുമോൾ തോമസ് (പ്രസിഡണ്ട്) ബ്രിജിറ്റ് മാത്യു (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്) വെർജീനിയ അൽഫോൻസ് (വൈസ് പ്രസിഡണ്ട്) റൂബി സൽദാന (സെക്രട്ടറി) ഗിരിജ ബാബു ( ട്രഷറർ) ക്ലാരമ്മ മാത്യൂസ് (ജോയിന്റ് ട്രഷറർ) ഡോ.എൽസി ജോൺ (ജോയിന്റ് സെക്രട്ടറി) ആലിസ് സജി (എപിഎൻ ചെയർ) ഡോ.റീനു വർഗീസ് (എഡ്യൂക്കേഷൻ ചെയർ) സിമ്മി തോമസ് (മെമ്പർഷിപ് ചെയർ ) മോളി മാത്യു (ബൈലോസ് ചെയർ ) അനില സന്ദീപ് (വെബ്/ കമ്മ്യൂണിക്കേഷൻ ചെയർ ) ഡോ.നിഷ മാത്യു (റിസർച്ച് ആൻഡ് ഗ്രാന്റ്സ് ചെയർ ) റെയ്ന റോക്ക് (പബ്ലിക് റിലേഷൻസ് ചെയർ) ഷീല മാത്യൂസ് (സ്കോളർഷിപ് ആൻഡ് അവാർഡ്‌സ് ചെയർ ) ജൂലി രാജു (ഇലക്ഷൻ ചെയർ ) അക്കാമ്മ കല്ലേൽ (അഡ്വൈസറി ബോർഡ് ചെയർ)  എന്നിവരാണ്  പുതിയ ഭാരവാഹികൾ.

1994 ൽ സ്ഥാപിതമായ ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ (IANAGH) ലാഭേച്ഛയില്ലാത്ത ഒരു സംഘടനയാണ്. ഇന്ത്യൻ നഴ്സുമാരെയും നഴ്സിംഗ് വിദ്യാർത്ഥികളെയും ഹ്യൂസ്റ്റൺ പ്രദേശത്ത് ഒരു കുടക്കീഴിൽ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംഘടനയിൽ ഇപ്പോൾ 500-ലധികം അംഗങ്ങളുണ്ട്.

ഐനാഗിന്റെ പ്രവർത്തന മണ്ഡലം മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചു, ഉദാഹരണത്തിന്, ഹെയ്തിയിൽ ഒരു ക്ലിനിക്ക് ആരംഭിക്കുന്നതിന് “ഹെയ്തി മിഷന്” സംഘടന 25,000 ഡോളർ സംഭാവന നൽകി. നിരവധി അംഗങ്ങൾ അവിടെ പോയി സന്നദ്ധ പ്രവർത്തനവും ചെയ്തു. ഹെയ്തിയിലെ ജനങ്ങൾക്ക് അവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി സ്കൂൾ സാമഗ്രികൾ, വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ഭക്ഷണം എന്നിവ ശേഖരിക്കുകയും സംഭാവന ചെയ്യുകയും ചെയ്തു. 2018 ൽ കേരളത്തിലെ ജനങ്ങൾ മഹാപ്രളയ കെടുതിയിൽ ദുരിതം അനുഭവിച്ചപ്പോൾ  കേരളത്തിലെ നിരവധി പ്രദേശങ്ങളിൽ 10 ദിവസത്തെ മെഡിക്കൽ മിഷൻ സേവനങ്ങൾക്കായി “ലെറ്റ് തേം സ്മൈൽ” എന്ന സംഘടനയോടൊപ്പവും 2019 ൽ കേരളത്തിലെ പ്രളയക്കെടുതിയിൽ ‘ഫോമാ’യുടെ പ്രവർത്തങ്ങളോടൊപ്പവും ‘ഐനാഗ്’ നേതൃത്വം നൽകി.

അമേരിക്കയിലെയും ഇന്ത്യയിലെയും 5 നഴ്സിംഗ് വിദ്യാർത്ഥികൾക്ക് വാർഷിക സ്കോളർഷിപ്പ് വര്ഷങ്ങളായി IANAGH നൽകി വരുന്നു.

കമ്മ്യൂണിറ്റി പ്രോഗ്രാമുകളുടെയും വിദ്യാഭ്യാസ പരിപാടികളിലൂടെയും പ്രാദേശിക, ദേശീയ, ആഗോള തലങ്ങളിൽ മികവ് തെളിയിച്ചിട്ടുള്ള സംഘടന കമ്മ്യൂണിറ്റിക്ക് സഹായം ആവശ്യമുള്ളപ്പോൾ എപ്പോഴും സഹായ ഹസ്തവുമായി കുമ്യൂണിറ്റിയുടെ കൂടെ നിൽക്കുന്നു

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ  അമേരിക്കൻ സമൂഹത്തിൽ സ്തുത്യര്ഹമായ സേവനങ്ങൾ നൽകി വരുന്ന നഴ്സുമാരെ പ്രതിനിധീകരിക്കുവാൻ ലഭിച്ച അവസരത്തിനു നന്ദി രേഖപ്പെടുത്തുന്നുവെന്നും ഈ സംഘടനയെ ശക്തമായി നയിച്ച്‌ വളർത്തി വലുതാക്കിയ മുൻ ഭാരവാഹികളുടെ സേവനങ്ങളെ മാനിക്കുന്നുവെന്നും പുതിയ പ്രസിഡണ്ട് ഡോ. അനുമോൾ തോമസ് പറഞ്ഞു. സംഘനയുടെ ജീവകാരുണ്യ പദ്ധതികൾ തുടർന്നും മുന്നോട്ടു കൊണ്ടുപോകുമെന്നും പുതിയ കർമ്മ പദ്ധതികൾ ആവിഷ്കരിക്കുമെന്നും അനുമോൾ പറഞ്ഞു.

റിപ്പോർട്ട് : ജീമോൻ റാന്നി