കര്‍ഷക സമരം ഡല്‍ഹി അതിര്‍ത്തികളില്‍ ശക്തമായി തുടരുന്നു. ഹരിയാനയില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവ് ചൗധരി ബിജേന്ദര്‍ സിംഗ് കര്‍ഷക സമരത്തിന് പിന്തുണ നല്‍കി രംഗത്ത് വന്നു. പ്രധാനമന്ത്രി വെറുമൊരു രാഷ്ട്രീയ നേതാവായി അധഃപതിച്ചുവെന്ന് കര്‍ഷക സംഘടനകള്‍ കുറ്റപ്പെടുത്തി. നിയമം പിന്‍വലിക്കാതെ പിന്നൊട്ടില്ലെന്നും കര്‍ഷക സംഘടനകള്‍ ആവര്‍ത്തിച്ചു.

കര്‍ഷക സമരം 24ാം ദിവസത്തിലേക്ക് കടന്നെങ്കിലും സമവായത്തിനുള്ള സാധ്യതകളൊന്നും തെളിഞ്ഞിട്ടില്ല. നിയമം പൂര്‍ണമായും പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ നിന്നു പിന്നോട്ട് പോകാന്‍ കര്‍ഷക സംഘടനകള്‍ ഒരുക്കമല്ല. പ്രധാനമന്ത്രിയുടെ ശക്തമായ പ്രതികരണം വന്നത് പിന്നാലെയും കര്‍ഷകര്‍ നിലപാട് ആവര്‍ത്തിച്ചു.

 

സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘങ്ങള്‍ അതിര്‍ത്തി പ്രദേശങ്ങളിലെ പ്രതിഷേധ സ്ഥലങ്ങളില്‍ എത്തിയിട്ടുണ്ട്. എന്‍ഡിഎയുടെ ഭാഗമായിരുന്ന ശിരോമണി അകാലിദള്‍, രാഷ്ട്രീയ ലോക താന്ത്രിക് പാര്‍ട്ടി, ജെജെപി എന്നിവയ്ക്ക് പിന്നാലെ ഹരിയാനയില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവ് ചൗധരി ബിജേന്ദ്ര സിംഗ് കര്‍ഷക സമരത്തിന് പിന്തുണയുമായി രംഗത്തുവന്നു.

ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുമെന്നും ബിജേന്ദര്‍ സിംഗ് പ്രഖ്യാപിച്ചു. ബിജേന്ദര്‍ സിംഗും പിന്തുണ നല്‍കിയതോടെ ഹരിയാനയിലെ ജാട്ട് വിഭാഗവും സമരത്തില്‍ കടന്നുവരുന്നതിന്റെ സൂചനകളാണ് വ്യക്തമാകുന്നത്. ആഗ്ര-ഡല്‍ഹി, ജയ്പൂര്‍-ഡല്‍ഹി ദേശീയ പാതകള്‍ ഉപരോധിച്ചു കൊണ്ടുള്ള സമരം തുടരുകയാണ്. ഗാസിപൂര്‍, തിക്രി അതിര്‍ത്തികളിലും സമരം ശക്തമായി മുന്നോട്ടു പോകുന്നു.