ശ്രീനഗര്‍: ജെഎന്‍യു വിദ്യാര്‍ഥി നേതാവായിരുന്ന ഷെഹല റാഷിദിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച്‌ പിതാവ് അബ്ദുള്‍ റാഷിദ് ഷോറ. കുടുംബവുമായി അകന്നു കഴിയുന്ന ഇയാള്‍ ഷെഹ്ല നടത്തുന്ന എന്‍ജിഒകള്‍ക്കെതിരെയടക്കം അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കശ്മീരില്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിന് ഷെഹല മൂന്ന് കോടി രൂപ വാങ്ങിയെന്നാണ് ഇയാളുടെ മുഖ്യ ആരോപണം.

– ‘തീവ്രവാദ ഫണ്ടിംഗ് കേസില്‍ എന്‍ഐഎ കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്ത മുന്‍ എംഎല്‍എ എഞ്ചിനിയര്‍ റാഷിദ്, വ്യവസായി ആയ സഹൂര്‍ വതാലി എന്നിവരില്‍ നിന്നായി ഷെഹല മൂന്ന് കോടി കൈപ്പറ്റിയെന്നാണ് ആരോപിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഷെഹ്ല രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. ഐഎഎസ് ടോപ്പറായിരുന്ന ഷാ ഫൈസലിന്‍റെ നേതൃത്വത്തിലുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ സ്ഥാപക നേതാക്കളിലൊരാള്‍ കൂടിയായിരുന്നു ഇവര്‍. എന്നാല്‍ പിന്നീട് കശ്മീരിലെ മുഖ്യധാര രാഷ്ട്രീയമേഖല വിടുന്നതായി ഷെഹല പ്രഖ്യാപിച്ചിരുന്നു. ഒരു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് മകള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച്‌ പിതാവ് രംഗത്തെത്തുന്നത്.

ഷെഹല നടത്തുന്ന എന്‍ജിഒകളെ സംബന്ധിച്ച്‌ അന്വേഷണം വേണമെന്നും മകളുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു വാര്‍ത്താസമ്മേളനത്തിലായിരുന്നു ആരോപണങ്ങള്‍. ഡിജിപിയെ അഭിസംബോധന ചെയ്തു കൊണ്ടുള്ള മൂന്ന് പേജ് കത്തും റാഷിദ് പുറത്തുവിട്ടിരുന്നു. ഷെഹല, സഹോദരി, മാതാവ്, ഷെഹലയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്നും ഇയാള്‍ ആരോപിക്കുന്നുണ്ട്.

അതേസമയം പിതാവിന്‍റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും വെറുപ്പുളവാക്കുന്നതാണെന്നുമാണ് ഷെഹലയുടെ പ്രതികരണം. അയാള്‍ക്കെതിരെ താനും കുടുംബവും ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ശ്രീനഗറിലെ വീട്ടില്‍ പ്രവേശിക്കാന്‍ കോടതി വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് പിതാവിനെ തള്ളി ഷെഹല പറയുന്നത്.

‘ഭാര്യയെ മര്‍ദ്ദിക്കുന്ന അധിക്ഷേപിക്കുന്ന അയാള്‍ക്കെതിരെ ഞങ്ങള്‍ തിരിഞ്ഞതിന്‍റെ പ്രതികരണമാണിത്. ‘അയാളുടെ മാനസിക-ശാരീരിക പീഡനങ്ങളും അക്രമവും എന്‍റെ അമ്മ കാലങ്ങളോളം സഹിച്ചു. കുടുംബത്തിന്‍റെ അന്തസിനെ ഓര്‍ത്താണ് മൗനം പാലിച്ചത്. എന്നാല്‍ ഇപ്പോള്‍ അയാളുടെ പീഡനങ്ങള്‍ക്കെതിരെ ഞങ്ങള്‍ പ്രതികരിച്ചു. ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കിയതിനെ തുടര്‍ന്ന് വീട്ടില്‍ പ്രവേശിക്കാന്‍ അയാള്‍ക്ക് കോടതി വിലക്കേര്‍പ്പെടുത്തി. അതിന്‍റെ പ്രതികാരമാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇയാള്‍ പറയുന്നതൊന്നും ഗൗരവമായി എടുക്കരുത്’. സംഭവത്തില്‍ പ്രതികരിച്ച്‌ ഷെഹല വ്യക്തമാക്കി.