കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 20ന് നടക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ അതത് തദ്ദേശ സ്ഥാപനങ്ങളിലെ വരണാധികാരികളാണ് സൂക്ഷ്മ പരിശോധന നടത്തുക.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടം എല്ലാ കേന്ദ്രങ്ങളിലും ഇതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൗകര്യപ്രദവും വായുസഞ്ചാരമുളളതുമായ ഹാളുകളാണ് സൂക്ഷ്മ പരിശോധനയ്ക്കായി സജ്ജമാക്കിയിട്ടുള്ളത്. പരിശോധനയ്ക്ക് മുന്നോടിയായി ഹാളുകള്‍ അണുവിമുക്തമാക്കും.

സൂക്ഷ്മപരിശോധനാ വേളയില്‍ ഓരോ വാര്‍ഡിലേയും സ്ഥാനാര്‍ഥികള്‍ക്കും നിര്‍ദ്ദേശകര്‍ക്കും ഏജന്‍റുമാര്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കൂ. ഒരു സമയത്ത് ഹാളിനുള്ളില്‍ പരമാവധി 30 പേര്‍ മാത്രമേ പാടുള്ളൂ. ഹാളിനുള്ളില്‍ സാമൂഹിക അകലം ഉറപ്പാക്കിയാണ് ഇരിപ്പിടങ്ങള്‍ ക്രമീകരിക്കുക.

സൂക്ഷ്മ പരിശോധനാ വേളയില്‍ വരണാധികാരിയും ഉപവരണാധികാരിയും സ്ഥാനാര്‍ഥികളും ഒപ്പമെത്തുന്നവരും കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ ഉറപ്പാക്കണം. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ജാഗ്രത പുലര്‍ത്തണം.