കാസർഗോഡ് കുഞ്ചത്തൂരിൽ അംഗപരിമിതനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഭാര്യയും കാമുകനും പിടിയിലായി. ക്രൂര കുറ്റ കൃത്യം പുറം ലോകം അറിഞ്ഞത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് പിന്നാലെ.

കർണാടക ഗതക സ്വദേശി ഹനുമന്തയെ നവംബർ 5നാണ് മഞ്ചേശ്വരംകുഞ്ചത്തൂരിലെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തായി സ്‌കൂട്ടറും മറിഞ്ഞ് കിടന്നിരുന്നു. കൊലപാതകമാണെന്ന സൂചനയുണ്ടായിരുന്നെങ്കിലും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടിന് പിന്നാലെ ക്രൂരകൃത്യത്തിന്റെ ചുരുൾ അഴിഞ്ഞു. ഹനുമന്തയുടെ ഭാര്യ ഭാഗ്യയും കാമുകനായ കർണാടക സ്വദേശി അല്ല ബാഷയും പൊലീസിന്റെ പിടിയിലായി.

ഈ മാസം 5-ാം തീയതി ഭാര്യയ്‌ക്കൊപ്പം കാമുകനെ കണ്ടതിനെ ചൊല്ലിയുള്ള വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കം ഏറ്റുമുട്ടലിലേക്ക് വഴിമാറിയതോടെ ഹനുമന്തയുടെ ഭാര്യയും കാമുകനും ചേർന്ന് മർദിച്ചു. നിലത്തുവീണ് അംഗപരിമിതൻ കൂടിയായ ഹനുമന്തയെ കാമുകൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഇതിനു ശേഷം അല്ലബാഷ മൃതദേഹം ബൈക്കിൽ കെട്ടി റോഡിൽ ഉപേക്ഷിക്കാൻ കൊണ്ടുപോയി. ഹനുമന്തയുടെ സ്‌കൂട്ടറിൽ ഭാഗ്യയും അല്ലബാഷയെ പിന്തുടർന്നു. കുഞ്ചത്തൂരിലെത്തിയപ്പോൾ മൃതദേഹം റോഡിൽ ഉപേക്ഷിക്കുകയും അല്ലബായുടെ മൃതദേഹത്തിന് സമീപം ഉപേക്ഷിക്കുകയും ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിനൊടുിവിൽ ഇരുവരും കുറ്റം സമ്മതിച്ചത്.