മലയാള സിനിമ പിന്നണി ഗാനരംഗത്ത് ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കിയ വിജയ് യേശുദാസ് എന്ന മലയാളികളുടെ പ്രിയ ഗായകന്‍ ഇനി മലയാള സിനിമയില്‍ പാടുകയില്ല എന്ന തീരുമാനവുമായി രംഗത്തു വന്നിരിക്കുകയാണ്. ഇന്ത്യന്‍ സിനിമാ ഗാനരംഗത്ത് ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഗായകന്‍മാരുടെ പട്ടികയില്‍ സ്ഥാനം പിടിച്ച ഒരാളാണ് വിജയ് യേശുദാസ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളില്‍ വിജയ് പാടിയിട്ടുണ്ട്. എന്നാല്‍ മറ്റു ഭാഷകളിലെ പോലെ അല്ലെന്നും മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല എന്നും, ഇങ്ങനെ ഒരു തീരുമാനം എടുക്കാനുണ്ടായ ഒരു കാരണം അതാണെന്നും വിജയ് യേശുദാസ്
സൂചിപ്പിച്ചു.

മലയാളികളുടെ ഗാന ഗന്ധര്‍വ്വന്‍ യേശുദാസിന്റെ മകനാണ് വിജയ് യേശുദാസ്. തന്റെ അച്ഛനടക്കം പലര്‍ക്കും ഗാനരംഗത്ത് ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് വിജയ് പറയുന്നു. മലയാള സിനിമയില്‍ പാടുകയില്ല എന്ന വിജയുടെ തീരുമാനം സംഗീത ആസ്വാദകരേയും ആരാധകരേയും വളരെയേറെ നിരാശരാക്കിയിരിക്കുകയാണ്. ജോസഫ് എന്ന ചിത്രത്തിലെ പൂമുത്തോളെ എന്ന ഗാനത്തിന് കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് വിജയ് സ്വന്തമാക്കിയിരുന്നു. ലൈഫ് ഇസ് ബ്യുട്ടിഫുള്‍ എന്ന ചിത്രത്തിലെ ഗാനം ആലപിച്ചു കൊണ്ടാണ് വിജയ് യേശുദാസ് മലയാളത്തില്‍ ആദ്യമായി പാടുന്നത്.

ഗായകനു പുറമെ നല്ലൊരു അഭിനേതാവ് കൂടിയാണ് വിജയ് യേശുദാസ്. മാരി എന്ന തമിഴ് ചിത്രത്തില്‍ ധനുഷിന്റെ പ്രതിനായകനായി വിജയ് അഭിനയിച്ചു. നിരവധി നല്ല ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ഒരു ഗായകനാണ് വിജയ്. യേശുദാസ് എന്ന അനശ്വര ഗായകന്റെ ഈ മകന്‍ കഴിവ് കൊണ്ടാണ് സിനിമ പിന്നണി ഗാന രംഗത്ത് തന്റെ പ്രതിഭ തെളിയിച്ചത്. മലയാളത്തില്‍ മാത്രമല്ല മറ്റു ഭാഷകളിലും വിജയുടെ ഗാനങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. സംസ്ഥാന അവാര്‍ഡിനു പുറമെ മൂന്ന് സ്റ്റേറ്റ് അവാര്‍ഡുകളും വിജയ് യേശുദാസിന് ലഭിച്ചിട്ടുണ്ട്.