ദുബൈ | ഡോക്ടറുടെ സര്‍ജിക്കല്‍ മാസ്‌ക് നീക്കം ചെയ്യാന്‍ നവജാത ശിശു ശ്രമിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. കൊവിഡ് മഹാമാരി കാലത്ത് പ്രതീക്ഷാനിര്‍ഭരമായ നാളെയുടെ പ്രതീകമാണ് ചിത്രമെന്ന് സാമൂഹിക മാധ്യമങ്ങള്‍ വിലയിരുത്തുന്നു. ഈ വര്‍ഷമാദ്യം കൊവിഡ് വ്യാപനം ആരംഭിച്ചതോടെ നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ് മാസ്‌ക്.

മാസ്‌ക് ഒഴിവാക്കപ്പെടുന്ന ഭാവിയിലേക്കാണ് ലോകമൊന്നടങ്കം ഉറ്റുനോക്കുന്നത്. കൊവിഡിന് മുമ്പുണ്ടായിരുന്ന അവസ്ഥ എത്രയും പെട്ടെന്ന് സംജാതകമാകാന്‍ ഏവരും ആഗ്രഹിക്കുന്നു. ഈയൊരു പ്രതീക്ഷക്ക് ബലം പകരുന്ന സന്ദേശമാണ് ഭൂമിയിലേക്ക് പിറന്നുവീണയുടനെ തന്നെ കൈയിലേന്തിയ ഡോക്ടറുടെ മാസ്‌ക് കൈപ്പിടിയിലൊതുക്കി നീക്കം ചെയ്യുന്ന കുഞ്ഞ് നല്‍കുന്നതെന്നാണ് സാമൂഹിക മാധ്യമങ്ങളുടെ വ്യാഖ്യാനം.
യു എ ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗൈനക്കോളജിസ്റ്റ് ഡോ. സമിര്‍ ചിയൈബിന്റെ മാസ്‌ക് ആണ് കുഞ്ഞ് കൈവശപ്പെടുത്തിയത്. ചിയൈബ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ ചിത്രം പങ്കുവെച്ചത്.