ഷാജീ രാമപുരം

ഡാളസ്: മാർത്തോമ്മ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ഇടവകയുടെ നേതൃത്വത്തിൽ ഒക്ടോബർ 3 ശനിയാഴ്ച്ച വൈകിട്ട് 6 മുതൽ 9 മണി വരെ വിവിധ കലാപരിപാടികൾ കോർത്തിണക്കിയ മാർത്തോമ്മ ഫെസ്റ്റ് 2020 നടത്തപ്പെടുന്നു. ഫാർമേഴ്സ് ബ്രാഞ്ച് സിറ്റി മേയർ റോബർട്ട് സി.ഡായ് ഉത്‌ഘാടനം നിർവഹിക്കുന്ന പ്രോഗ്രാം വെർച്ച്വൽ ആയിട്ടാണ് നടത്തപ്പെടുന്നത്.

ഇന്ത്യയിലെ പ്രമുഖ കീബോർഡ് സംഗീതഞ്ജൻ സ്റ്റീഫൻ ദേവസ്സിയുടെ സഹോദരൻ സാം ദേവസ്യയുടെ മകനും, യൂട്യൂബിലൂടെ കൊച്ചുകുട്ടികളുടെ ഹരമായി മാറിയ കൊച്ചു ഗായകൻ സ്റ്റീവൻ സാമുവേൽ ദേവസ്സിയുടെ നേതൃത്വത്തിൽ ക്രിസ്‌തീയ സംഗീത വിരുന്നും, കൂടാതെ വിവിധ എന്റർടൈൻമെന്റ് പ്രോഗ്രാമുകളും മാർത്തോമ്മ ഫെസ്റ്റ് എന്ന പരിപാടിയോടൊപ്പം ഒരുക്കുന്നു.

മുംബൈയിലെ ചുവന്ന തെരുവിൽ ലൈംഗീകമായി ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകളെ അവരുടെ അപമാനകരമായ തൊഴിലിൽ നിന്ന് പിന്തിരിപ്പിച്ച് മെച്ചപ്പെട്ട ജീവിതം നയിക്കുവാൻ പ്രേരിപ്പിക്കുക, അവരുടെ കുട്ടികളെ ഏറ്റെടുത്ത് വിദ്യാഭ്യാസം നൽകി പുതുതലമുറയുടെ അംഗങ്ങൾ ആക്കുക എന്ന ലക്ഷ്യത്തോടെ മാർത്തോമ്മ സഭയുടെ മുംബൈ ഭദ്രാസനം 1994 ൽ ആരംഭിച്ച നവജീവൻ സെന്ററിന്റെ പ്രവർത്തനങ്ങളെ സഹായിക്കുക.

നിരാലംബരായ എച്ച്ഐവി/ എയ്ഡ്സ് ബാധിതരെ പരിചരിക്കുകയും അവരുടെ സമഗ്രമായ വികസനത്തെ ലക്ഷ്യമാക്കി മാർത്തോമ്മ സഭയുടെ തിരുവനന്തപുരം – കൊല്ലം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ 2000 ൽ ആരംഭിച്ച സ്നേഹതീരം പ്രോജക്ടിനെയും കൂടാതെ മറ്റ് ചാരിറ്റി പ്രവർത്തനങ്ങളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് എല്ലാ വർഷവും മാർത്തോമ്മ ഫെസ്റ്റ് എന്ന പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

നവജീവൻ സെന്റർ ഡയറക്ടർ റവ.ജിനു ഈപ്പൻ കുര്യൻ, സ്നേഹതീരം മിഷൻ പ്രോജക്ട് ഡയറക്ടർ റവ.ജോൺ വിൽസൺ, കാനഡ മോൺട്രിയൽ മാർത്തോമ്മാ ഇടവക വികാരി റവ.മോൻസി വർഗീസ് എന്നിവർ സന്ദേശം നൽകുന്നതും, സൺഡേ സ്കൂൾ, യൂത്ത് ഫെലോഷിപ്പ്, യുവജനസഖ്യം, ക്വയർ, സീനിയർ ഫെലോഷിപ്പ്, നിറവ് തുടങ്ങിയ ഇടവകയിലെ സംഘടനകളുടെ വിവിധ പ്രോഗ്രാമുകളും ഉണ്ടായിരിക്കുന്നതാണ്.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ വെർച്ച്വൽ ആയി ഈ ശനിയാഴ്ച്ച വൈകിട്ട് 6 മണി മുതൽ നടത്തപ്പെടുന്നതായ മാർത്തോമ്മ ഫെസ്റ്റിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ.ഡോ.ഏബ്രഹാം മാത്യു, സഹ വികാരി റവ.ബ്ലെസിൻ കെ.മോൻ, പ്രോഗ്രാം കൺവീനർ എബി ജോർജ് എന്നിവർ അറിയിച്ചു. യൂട്യൂബ്, www.mtcfb.org/live എന്ന വെബ്‌സൈറ്റ് എന്നിവയിലൂടെ ഈ പ്രോഗ്രാമുകൾ കാണാവുന്നതാണ്.

Attachments area