സൂപ്പർ താരം ലയണൽ മെസിക്ക് സീസണിലെ ആദ്യ എൽ ക്ലാസിക്കോ നഷ്ടമായേക്കും. അർജൻ്റീനക്കായി ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കളിക്കേണ്ടതിൻ്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു സാഹചര്യം നിലനിൽക്കുന്നത്. എൽ ക്ലാസിക്കോ നടക്കുന്ന ദിവസം മത്സരം ഇല്ലെങ്കിലും മെസി ക്വാറൻ്റീനിൽ ആയിരിക്കും. അതുകൊണ്ട് തന്നെ ബാഴ്സക്ക് മെസി ഇല്ലാതെ എൽ ക്ലാസിക്കോയ്ക്ക് ഇറങ്ങേണ്ടി വരും.

 

ഒക്ടോബറിലാണ് അർജൻ്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ. എട്ടാം തീയതി ഇക്വഡോറിനെതിരെയും, പതിമൂന്നിന് ബൊളീവിയക്കെതിരെയുമാണ് മത്സരങ്ങൾ. ഇത് കളിച്ച് തിരികെ എത്തിയാൽ 14 ദിവസത്തെ ക്വാറൻ്റീൻ ഉണ്ടാവും. സ്പെയിനിലെ ക്വാറൻ്റീൻ നിയമങ്ങൾ കർക്കശമാണ്. അങ്ങനെയെങ്കിൽ ഒക്ടോബർ 25നു നടക്കുന്ന എൽ ക്ലാസിക്കോ മെസിക്ക് നഷ്ടമാവും. ഗെറ്റാഫെക്കും അലാവസിനുമെതിരെയുള്ള മത്സരങ്ങളും താരത്തിനു നഷ്ടമാവും.

ഈ മാസം 12നാണ് ലാലിഗ സീസൺ ആരംഭിച്ചത്. ഞായറാഴ്ച വില്ലാറയലിനെതിരെയാണ് ബാഴ്സലോണയുടെ ആദ്യ മത്സരം. കഴിഞ്ഞ സീസൺ നഷ്ടമായതു കൊണ്ട് തന്നെ ഈ സീസൺ ബാഴ്സലോണക്ക് നിർണായകമാണ്.