ന്യൂഡല്‍ഹി : ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങി കരസേന മേധാവി എംഎം നരവാനെ. നിയന്ത്രണ രേഖയിലെ സുരക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായാണ് നരവാനെ ജമ്മു കശ്മീരില്‍ എത്തുന്നത്. ഇതിന് പുറമേ ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികളും അദ്ദേഹം വിലയിരുത്തും.

ജമ്മു കശ്മീരില്‍ എത്തുന്ന നരവാനെ ഉന്നത സൈനിക കമാന്‍ഡര്‍മാരുമായി കൂടിക്കാഴ്ച നടത്തും. ലഡാക്കിലെ ചൈനീസ് പ്രകോപനങ്ങളുടെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയാണ് അതിര്‍ത്തിയിലും കശ്മീരിലും പുലര്‍ത്തുന്നത്. അതേസമയം നരവാനെ ഏത് ദിവസം ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുമെന്ന കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ഇന്ന് രാവിലെ ലഡാക്ക് അതിര്‍ത്തിയില്‍ പട്രോളിംഗ് നടത്തുന്നതില്‍ നിന്നും ഇന്ത്യന്‍ സൈന്യത്തെ തടയാന്‍ ആകില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നരവാനെയുടെ ലഡാക്ക് സന്ദര്‍ശനം സംബന്ധിച്ചുള്ള വിവരം പുറത്തുവരുന്നത്.