പ്യോങ്യാങ് : പ്രീ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിചിത്ര നിയമം പാസാക്കി ഉത്തരകൊറിയ. ഭരണാധികാരി കിം ജോംങ് ഉന്നിനെക്കുറിച്ച് പഠിക്കാന്‍ ദിവസത്തില്‍ 90 മിനിറ്റ് വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും മാറ്റിവയ്ക്കണമെന്നാണ് പുതിയ ഉത്തരവ്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കിം ജോംങ് ഉന്നിനെക്കുറിച്ചുള്ള വിവരങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും.

വിദ്യാര്‍ത്ഥികള്‍ക്കായി വിചിത്ര നിയമം പാസ്സാക്കിയ വിവരം ഉത്തരകൊറിയന്‍ മാദ്ധ്യമങ്ങള്‍ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. കിമ്മിന്റെ ഭരണകൂടത്തിലുള്ള വിശ്വാസവും വിധേയത്വവും വര്‍ദ്ധിപ്പിക്കുന്നതിനായാണ് പുതിയ നിയമം പാസാക്കിയത് എന്നാണ് വിവരം. അടുത്തിടെ രാജ്യത്തെ പാഠ്യപദ്ധതികളില്‍ സമഗ്രമായ മാറ്റം കൊണ്ടുവരാന്‍ തീരുമാനിച്ചതായി കിമ്മിന്റെ സഹോദരി കിം യോ ജോങ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ പുതിയ നിയമവുമായി രംഗത്ത് വന്നിരിക്കുന്നത്.

പുതിയ നിയമപ്രകാരം അഞ്ച്, ആറ് വയസ്സുള്ള പ്രീ-സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കിം ഇല്‍ സംഗ്, കിം ജോംങ് എന്നിവരുടെ ബാല്യകാലത്തെക്കുറിച്ച് പഠിക്കാനായി ദിവസവും1 മണിക്കൂര്‍ മിനിറ്റ് മാറ്റിവെയ്ക്കണം. ബാക്കി 30 മിനിറ്റ് നേതാക്കളുടെ വിപ്ലവ ഗാനങ്ങള്‍ പഠിക്കാനായി മാറ്റിവെയ്ക്കണമെന്നും പറയുന്നു.