ഇസ്രയേലുമായി യുഎഇയും ബഹ്‌റൈനും ചരിത്രപരമായ സമാധാന കരാറിൽ ഒപ്പിട്ടു. വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്.

യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, ബഹ്റൈൻ വിദേശകാര്യ മന്ത്രി അബ്ദുൽലതീഫ് ബിൻ റാഷിദ് അൽ സയാനി എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്. മൂന്ന് രാജ്യങ്ങളുടെയും ഉന്നതഭരണ നയതന്ത്ര സംഘങ്ങളടക്കം എഴുനൂറോളം പേരാണ് ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായത്. മധ്യപൂർവ ദേശത്തെ അഞ്ചോ ആറോ രാജ്യങ്ങൾ കൂടി ഇസ്രയേലുമായി നയതന്ത്ര ബന്ധം ഉടൻ സ്ഥാപിക്കുമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. സൗദി അറേബ്യയുടെ ഭരണാധികാരികളുമായി സംസാരിച്ചതായും ട്രംപ് വ്യക്തമാക്കി.

ഇസ്രയേലുമായി യുഎഇയും ബെഹ്‌റൈനും പരസ്പര ഉഭയകക്ഷി സഹകരണത്തിന് കരാർ വഴിതുറക്കും. കരാർ പ്രകാരം കൂടുതൽ പലസ്തീൻ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നതും പരമാധികാരം സ്ഥാപിക്കുന്നതും താത്കാലികമായി നിർത്താൻ ഇസ്രയേൽ സമ്മതിച്ചിട്ടുണ്ടെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങളും യുഎഇയും അറിയിച്ചിരുന്നു. കഴിഞ്ഞ മാസം 13നാണ് യുഎഇ, ഇസ്രയേലുമായി നയതന്ത്ര ബന്ധത്തിന് തീരുമാനിച്ചത്. തുടർന്ന് ഈ മാസം 11 ന് ബഹ്റൈനും യുഎഇയുടെ പാത സ്വീകരിച്ചു.

അതേസമയം, യുഎഇയും ബഹ്‌റൈനും ഇസ്രയേലുമായി സമാധാന കരാറിൽ ഏർപ്പെട്ടതിൽ പ്രതിഷേധിച്ച് പലസ്തീനിൽ ജനങ്ങൾ തെരുവിലിറങ്ങി. വെസ്റ്റ് ബാങ്കിലും ഗാസ മുനമ്പിലുമാണ് പ്രതിഷേധങ്ങൾ അരങ്ങേറിയത്.