ന്യൂഡൽഹി: കൊറോണ വൈറസിനെതിരെ പോരാട്ടം തുടരുന്ന ഇന്ത്യക്ക് കൂടുതൽ കരുത്ത് പകർന്ന് റഷ്യ. കൊറോണ വൈറസിനെതിരെ ലോകത്ത് ആദ്യമായി കണ്ടുപിടിച്ച വാക്‌സിനായ സ്പുട്‌നിക്-v ഇന്ത്യക്ക് നൽകുമെന്ന് റഷ്യ അറിയിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വാർത്താ ഏജൻസികളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സ്പുട്‌നിക് വാക്‌സിന്റെ 100 മില്യൺ ഡോസുകൾ ഇന്ത്യക്ക് നൽകുമെന്നാണ് റഷ്യ വ്യക്തമാക്കിയിരിക്കുന്നത്. ഡോ. റെഡ്ഡീസ് ലബോറട്ടറിക്കാണ് റഷ്യ വാക്‌സിൻ കൈമാറുക എന്നാണ് റിപ്പോർട്ട്. ഇതിന് ആവശ്യമായ അനുമതി ലഭിക്കുന്ന പക്ഷം വാക്‌സിൻ വിതരണം ചെയ്യും. പ്രാദേശിക അനുമതി ലഭിച്ചു കഴിഞ്ഞാൽ മാത്രമെ വിതരണ ശൃംഖലയെ സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കാൻ കഴിയൂ എന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്.

ഇന്ത്യയുമായി ചേർന്ന് 300 മില്യൺ ഡോസുകൾ ഉത്പ്പാദിപ്പിക്കാൻ റഷ്യ നേരത്തെ തന്നെ സമ്മതം അറിയിച്ചിരുന്നു. ഇന്ത്യക്ക് പുറമെ, കസാക്കിസ്താൻ, ബ്രസീൽ, മെക്‌സിക്കോ എന്നീ രാജ്യങ്ങളുമായും റഷ്യ ധാരണയിലെത്തിയിട്ടുണ്ട്. നിലവിൽ വാക്‌സിന്റെ മൂന്നാം ഘട്ട പരിക്ഷണങ്ങൾ പുരോഗമിക്കുകയാണ്. 40,000 പേരിലാണ് പരീക്ഷണം നടത്തുന്നത്. ഓഗസ്റ്റ് 26നാണ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ആരംഭിച്ചത്.