കേരളത്തില്‍ തുടര്‍ച്ചയായ ആറാം ദിവസമാണ് 100ലധികം കോവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചത്. ഇന്ന് 152 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കേസുകള്‍ 150 കടക്കുന്നത് ഇതാദ്യം. ഈ മാസമാണ് സംസ്ഥാനത്ത് 100ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്. ഇന്നലെ 141 പേര്‍ക്കും മിനിഞ്ഞാന്ന് 138 പേര്‍ക്കും അതിന് മുമ്ബുള്ള ദിവസം 133 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മേയ് ആദ്യവാരം പല ദിവസങ്ങളിലും ഒരു പോസിറ്റീവ് കേസ് പോലുമില്ലാത്ത ദിവസങ്ങള്‍ കേരളത്തിലുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ രോഗികളുടെ എണ്ണം 16 ആയി കുറയുകയും ചെയ്തിരുന്നു. എന്നാല്‍ മേയ് എട്ട് മുതല്‍ വിദേശത്ത് നിന്നുള്ള പ്രവാസികളുടേയും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടേയും വരവ് തുടങ്ങിയതോടെ സ്ഥിതിഗതികള്‍ മാറി. പ്രതീക്ഷിച്ച പോലെ പോസിറ്റീവ് കേസുകളുടെ എണ്ണം കൂടി. നെഗറ്റീവ് ആകുന്ന ഫലങ്ങളും കൂടിയിട്ടുണ്ട് എന്ന് ആശ്വസിക്കാം.

രാജ്യത്ത് ഉറവിടമറിയാത്ത കേസുകള്‍ 40 ശതമാനമാണെന്നും കേരളത്തില്‍ ഇത് രണ്ട് ശതമാനത്തോളം വരുമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. അതേസമയം ഇത് സമൂഹവ്യാപനമായി കാണാന്‍ കഴിയില്ലെന്നും സംസ്ഥാനം ഇതുവരെ സമൂഹവ്യാപനത്തിലേയ്ക്ക് പോയിട്ടില്ല എന്നുമാണ് അദ്ദേഹം ഇന്ന് പറഞ്ഞത്. എന്നാല്‍ സമൂഹവ്യാപന ഭീഷണി ഇല്ലാതായിട്ടില്ലെന്നും ഒരാളില്‍ നിന്ന് നിരവധി പേരിലേയ്ക്ക് പടരുന്ന സൂപ്പര്‍ സ്പ്രെഡ് ഭീഷണിയും സംസ്ഥാനത്തുണ്ടെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ സ്ക്രീനിംഗ് നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ നടപടികളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പ്രൈമറി കോണ്‍ടാക്‌ട് വഴി കൂടുതല്‍ മരണങ്ങളുണ്ടാകുന്നതായും സൂപ്പര്‍ സ്‌പ്രെഡ്ഡിന് വിമാനയാത്രകള്‍ കാരണമാകുന്നു എന്നും പഠനങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് വിദേശരാജ്യങ്ങളില്‍ നിന്നുള്ള വിമാനയാത്രകള്‍ക്ക് മുമ്ബായി സ്‌ക്രീനിംഗ് നിര്‍ബന്ധമാക്കണമെന്ന് തീരുമാനിച്ചത്. വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് സ്‌ക്രീനിംഗ് നിര്‍ബന്ധമാക്കണമെന്ന് സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ അതിനെതിരെ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണം ചിലര്‍ നടത്തിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പ്രവാസികളെ പ്രകോപിപ്പിക്കാന്‍ ചിലര്‍ തുടക്കം മുതല്‍ ശ്രമിച്ചു. വരാന്‍ താല്‍പര്യമുള്ള പ്രവാസികള്‍ക്ക് ഇവിടെ എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്ന് ആദ്യം മുതല്‍ സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. ഇതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയിട്ടില്ല. കേരളത്തിലേയ്ക്ക് വരുന്ന ആരു വിമാനവും തടഞ്ഞിട്ടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.