സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ റിയ ചക്രവര്‍ത്തിയെ ആറ് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. നാളെയും ചോദ്യം ചെയ്യല്‍ തുടരും. ലഹരിവസ്തുക്കള്‍ ഉപയോഗിച്ചുവെന്ന ആരോപണം റിയ നിഷേധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, നടന്റെ വീട്ടു ജീവനക്കാരന്‍ ദീപേഷ് സാവന്തിനെ സെപ്റ്റംബര്‍ ഒന്‍പത് വരെ മുംബൈയിലെ മെട്രോപൊളിറ്റന്‍ കോടതി, നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയില്‍ വിട്ടു.

ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് റിയ ചക്രവര്‍ത്തി മുംബൈയിലെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. ആറ് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം എത്തിയിരുന്നു. അറസ്റ്റിലായ സഹോദരന്‍ ഷൊവിക് ചക്രവര്‍ത്തി, സുശാന്തിന്റെ മുന്‍ ജീവനക്കാര്‍, മയക്കുമരുന്ന് ഇടനിലക്കാര്‍ എന്നിവര്‍ നല്‍കിയ മൊഴികള്‍ മുന്നില്‍വച്ചായിരുന്നു ചോദ്യം ചെയ്യല്‍.

ലഹരിമരുന്ന് ഇടപാടുകാരുമായി നടത്തിയെന്ന് പറയപ്പെടുന്ന വാട്‌സ്ആപ്പ് ചാറ്റുകള്‍, മറ്റ് ഡിജിറ്റല്‍ തെളിവുകള്‍ എന്നിവയും അന്വേഷണസംഘം ഉപയോഗിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. റിയ വൈകിയെത്തിയ സാഹചര്യത്തില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും, നാളെ ഹാജരാകാന്‍ നിര്‍ദേശിച്ചതായും എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാന്‍ഖഡെ പറഞ്ഞു. അതേസമയം, റിയ ചക്രവര്‍ത്തിയെ പിന്തുടര്‍ന്ന് വേട്ടയാടുകയാണെന്ന് അഭിഭാഷകന്‍ സതീഷ് മനേഷിന്‍ഡെ ആരോപിച്ചു.