നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണം ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല ബോളിവുഡിനും ആരാധകര്‍ക്കും. സുശാന്തിന്റെ അകാലമരണം സംഭവിച്ച്‌ ഒന്നരമാസം പിന്നിടുമ്ബോള്‍ അദ്ദേഹത്തിന്റെ മുന്‍കാമുകി അങ്കിത ലോഖണ്ഡെ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്.

‘സത്യം ജയിക്കും’ എന്ന വാക്കു മാത്രമാണ് താരം തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസില്‍ എഴുതിയിരിക്കുന്നത്. മറ്റൊന്നും സൂചിപ്പിച്ചിട്ടില്ല. സുശാന്തിന്റെ പിതാവിന്റെ പരാതിയില്‍ നടി റിയ ചക്രബര്‍ത്തിക്കു നേരെ എഫ്.ഐ.ആര്‍ ചുമത്തിയതിനു പിന്നാലെയാണ് അങ്കിത ലോഖണ്ഡെയുടെ പോസ്റ്റ്. പവിത്ര റിഷ്ത എന്ന ഹിറ്റ് ടെലിവിഷന്‍ സീരിയലില്‍ ഒരുമിച്ചഭിനയിക്കുമ്ബോഴാണ് സുശാന്തും അങ്കിതയും തമ്മില്‍ പരിചയപ്പെടുന്നത്. സുശാന്തിന്റെ മരണ ശേഷം അങ്കിത സുശാന്തിന്റെ പിതാവിനെ കാണുകയും ചെയ്തിരുന്നു.

സുശാന്ത് സിങ് രജ്‌പുത്തിന്റെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടി റിയ ചക്രബര്‍ത്തിക്കെതിരെ ആത്മഹത്യ പ്രേരണ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് നിലവില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പാട്ന സെന്‍ട്രല്‍ സോണ്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ സഞ്ജയ് സിങ് വ്യക്തമാക്കുന്നു. ഐപിസി സെക്ഷന്‍ 341, 342, 380, 406, 420, 306 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പട്ന പൊലീസ് അറിയിച്ചു.