ശരീരവും ആരോഗ്യവും ശ്രദ്ധിക്കുന്നവരാണ് കായിക താരങ്ങള്‍. അക്കാര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഒരുപടി മുന്നിലാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ കാര്യം പറയുകയും വേണ്ട. ഫിറ്റ്നസ് വിട്ടൊരു കളിയില്ല.

എന്നാല്‍, ഫിറ്റ്നസിനെ കുറിച്ച്‌ ശ്രദ്ധിക്കാതെ, മുന്നില്‍ കിട്ടിയതെല്ലാം കഴിച്ചു നടന്നിരുന്ന കാലമുണ്ടായിരുന്നുവെന്ന് തുറന്നു പറയുകയാണ് കോഹ്ലി. കരിയറിന്റെ തുടക്ക കാലത്താണ് ഫിറ്റ്നസും കായികക്ഷമതയും മറന്നുള്ള കഴിപ്പിനെ കുറിച്ച്‌ താരം പറയുന്നത്. ചോക്ലേറ്റ് പാക്കറ്റുകള്‍ കാലിയാക്കുന്ന മുന്‍പിന്‍ നോക്കാത്തെ എല്ലാം കഴിക്കുന്ന ഭൂതകാലത്തെ കുറിച്ച്‌ മനസ്സു തുറക്കുകയാണ് താരം. 2012 ലെ ഐപിഎല്ലിലെ പരാജയമാണ് തന്റെ മാറ്റത്തിന് കാരണമെന്നും കോഹ്ലി. മയാങ്ക് അഗര്‍വാളുമായുള്ള അഭിമുഖത്തിനിടയിലാണ് കോഹ്ലി മനസ്സു തുറന്നത്.

2012 ലെ ഐപിഎല്‍ കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ താന്‍ സ്വയം ഒന്ന് നോക്കി. സ്വയം വെറുപ്പു തോന്നിയ നിമിഷമായിരുന്നു അതെന്ന് കോഹ്ലി പറയുന്നു. എല്ലാം അടിമുടി മാറ്റണമെന്ന് തീരുമാനിച്ചത് അന്നാണ്. ആ സമയത്ത് മറ്റ് ടീമുകളെല്ലാം ഫിറ്റ്നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്തിരുന്നില്ല. സ്വന്തം ടീമിനേക്കാള്‍ ഏറെ മുന്നിലായിരുന്നു അവര്‍.

അതുവരെ മുന്നില്‍ കാണുന്നതെല്ലാം കഴിച്ചിരുന്നു. 4-5 ദിവസത്തിനുള്ളില്‍ മിഠായിപ്പാക്കറ്റുകള്‍ കാലിയാക്കും. അങ്ങനെയായിരുന്നു ആ സമയങ്ങളില്‍ തന്റെ ഡയറ്റ്. ഭ്രാന്ത് പിടിച്ചതുപോലെ ഭക്ഷണം കഴിച്ചു. ജയങ്ങള്‍ മാത്രമായിരുന്നു ആ സമയത്തുണ്ടായിരുന്നത്. അതിനാല്‍ മാറി ചിന്തിക്കേണ്ട അവസരം ലഭിച്ചില്ല. എന്നാല്‍ ഐപിഎല്ലിലെ പരാജയം സ്വയം തിരിച്ചറിവുണ്ടാക്കി. ആദ്യം മാറ്റം വരുത്തേണ്ടത് സ്വന്തം നിലയ്ക്കാണെന്ന് മനസ്സിലായി.

അതുവരെ ചിന്തിച്ചിരുന്നതും ശീലിച്ചിരുന്നതുമായ കാര്യങ്ങളിലെല്ലാം മാറ്റം വേണമെന്ന് തീരുമാനിച്ചു. വീട്ടില്‍ തിരിച്ചെത്തി അടുത്ത ദിവസം മുതല്‍ പുതിയ മാറ്റങ്ങള്‍ ആരംഭിച്ചു. – വിരാട് കോഹ്ലി പറയുന്നു.