ന്യൂഡല്‍ഹി: കൊവിഡ് കേന്ദ്രീകൃത അടിസ്ഥാന സൗകര്യത്തിന് രാജ്യത്ത് തുടക്കമിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രോഗമുക്തി നിരക്ക് മറ്റ് രാജ്യങ്ങളെക്കാള്‍ ഇന്ത്യയില്‍ കൂടുതലും മരണനിരക്ക് കുറവും ആണെന്ന് അദ്ദേഹം വ്യക്തമാക്കി. കൊവിഡ് സുരക്ഷ ഉപകരണങ്ങള്‍ കയറ്റി അയക്കുന്നതിന് ഇന്ത്യയെ സജ്ജമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഐ.സി.എം.ആര്‍ സജ്ജീകരിച്ച മൂന്ന് ലാബുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വഹിച്ചത്. രാജ്യത്ത് ഇന്ന് 11,000ത്തിലധികം പരിശോധന സംവിധാനങ്ങളും 11 ലക്ഷം ഐസൊലേഷന്‍ കിടക്കകളുമുണ്ട്. നിലവില്‍ പതിമൂവായിരത്തോളം ലാബുകളിലാണ് രാജ്യത്ത് പരിശോധന നടക്കുന്നത്. പ്രതിദിനം അഞ്ച് ലക്ഷത്തിലധികം സാമ്ബിളുകളാണ് പരിശോധിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

പുതുതായി ഉദ്ഘാടനം ചെയ്ത ലാബുകള്‍ ഭാവിയില്‍ കരള്‍ രോഗങ്ങള്‍, എച്ച്‌.ഐ.വി, ഡെങ്കി തുടങ്ങിയ അസുഖങ്ങള്‍ക്കും ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നോയിഡ, കൊല്‍ക്കത്ത, മുംബയ് എന്നിവിടങ്ങളിലാണ് പുതിയ ലാബുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ലാബുകളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന വെര്‍ച്വല്‍ പരിപാടിയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവരും പങ്കെടുത്തു.