കൊവാക്‌സിന്റെ പരീക്ഷണം ഡല്‍ഹിയിലെ എയിംസില്‍ പുരോഗമിക്കുകയാണ്. പരീക്ഷണത്തിന് വിധേയരായവര്‍ക്ക് കൊവാക്‌സിന്റെ ആദ്യ ഡോസ് നല്‍കി തുടങ്ങിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 30 വയസുകാരനാണ് ആദ്യ ഡോസ് നല്‍കിയിരിക്കുന്നത്.

ആദ്യ ഘട്ട പരീക്ഷണങ്ങളുടെ ഭാഗമായി ഇന്ന് അഞ്ച് പേര്‍ക്കാണ് വാക്‌സിന്റെ ആദ്യ ഡോസ് നല്‍കുക. ആദ്യ ഘട്ടത്തില്‍ ആരോഗ്യവാന്‍മാരായ 100 പേരിലാണ് പരീക്ഷണം നടക്കുക. ഡോസ് നല്‍കിയ ശേഷം ഇവരെ രണ്ടാഴ്ച നിരീക്ഷണത്തിന് വിധേയരാക്കും. ആകെ 3,500ഓളം ആളുകളാണ് പരീക്ഷണത്തിന് വിധേയരാകനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരില്‍ ഓരോരുത്തരിലും മറ്റു രോഗങ്ങള്‍ ഇല്ലെന്നും ആരോഗ്യവാന്‍മാരാണെന്നും കണ്ടെത്തുന്നതിന്റെ ഭാഗമായി 50ഓളം ടെസ്റ്റുകള്‍ നടത്തിയ ശേഷം മാത്രമേ വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി നല്‍കുകയുള്ളൂ.

ഐസിഎംആറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിക്കുന്നത്. മനുഷ്യരില്‍ വാക്സിന്‍ പരീക്ഷണം വിജയിച്ചാല്‍ വളരെ വേഗത്തില്‍ തന്നെ വാക്സിന്‍ ജനങ്ങള്‍ക്കായി വിപണിയിലെത്തിക്കാനാണ് തീരുമാനം.