തിരുവനന്തപുരം (പാറശാല): മകളുടെ ആത്മഹത്യയ്ക്ക് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍കൊണ്ടുവരാന്‍ മാതാപിതാക്കള്‍ അലയാത്ത സ്ഥലങ്ങളില്ല, മുട്ടാത്ത വാതിലുകളില്ല. സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം നെയ്യാറ്റിന്‍കര ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ കേസ് എടുത്തെങ്കിലും തുടര്‍ നടപടികള്‍ ഇഴയുകയാണെന്നാണ് ബന്ധുക്കളുടെ ആരോപണം. മഞ്ചവിളാകം ഇലിപ്പോട്ടുകോണം ദിലീപ് വിലാസത്തില്‍ രാധികയെയാണ് (24) കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 26ന് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നെയ്യാറ്റിന്‍കര കുളത്താമ ഗുരുനഗര്‍ സ്വദേശിയാണ് രാധികയുടെ ഭര്‍ത്താവ്. പ്രണയിച്ച്‌ വിവാഹിതരായ ഇവരുടെ ദാമ്പത്യജീവിതത്തില്‍ ഒരു വര്‍ഷം തികയും മുമ്പേ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. ഭര്‍ത്താവ് മദ്യപിച്ചെത്തി മര്‍ദ്ദിക്കാറുണ്ടെന്നും, സ്ത്രീധനത്തിന്റെ പേരില്‍ അസഭ്യം പറയാറുണ്ടെന്നും കാട്ടി പന്ത്രണ്ടോളം പരാതികളാണ് മാരായമുട്ടം പൊലീസിനും, ഡിവൈ.എസ്.പിക്കും, നെയ്യാറ്റിന്‍കര വനിതാ സെല്ലിലുമായി യുവതി നല്‍കിയിരുന്നത്. ഇവയില്‍ ഒരു പരാതിക്കെങ്കിലും പൊലീസ് ശ്രദ്ധ നല്‍കിയിരുന്നെങ്കില്‍ തങ്ങളുടെ മകള്‍ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നുവെന്ന് രാധികയുടെ അച്ഛനും അമ്മയും നിറകണ്ണുകളോടെ പറയുന്നു. ചായ്‌ക്കോട്ടുകോണം അമ്പലം ജംഗ്ഷനില്‍ മുറുക്കാന്‍ കട നടത്തുന്ന സുരേന്ദ്രന്റെയും കൈത്തറി തൊഴിലാളിയായ ലീലയുടെയും രണ്ട് മക്കളില്‍ ഇളയവളാണ് രാധിക.

പ്ലസ്ടുവും, ഐ.ടി.ഐ യും കഴിഞ്ഞ് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുകയായിരുന്നു. ഇതിനിടെയാണ് ഡ്രൈവറായ യുവാവ് രാധികയുടെ വീടിന് സമീപം കുറച്ച്‌ സ്ഥലം വാങ്ങിയത്. ഇവിടെ വന്ന് പോകുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നതും തുടര്‍ന്ന് വിവാഹിതരാകുന്നതും. വീട്ടുകാരെ അറിയിക്കാന്‍ മടിച്ചു ദാമ്പത്യ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തെങ്കിലുംസ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹം ആയതിനാല്‍ ഈ വിവരങ്ങള്‍ വീട്ടുകാരെ രാധിക അറിയിച്ചിരുന്നില്ല., തുടര്‍ന്ന് പ്രശ്നങ്ങള്‍ കേട്ടറിഞ്ഞ രാധികയുടെ പിതാവ് സുരേന്ദ്രന്‍ ഭര്‍തൃവീട്ടുകാരുമായി സംസാരിച്ച്‌ പ്രശ്നം അവസാനിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

ഇതിന്റെ ഭാഗമായി ഒരു മാല വാങ്ങി നല്‍കുകയും വിട് വയ്ക്കാനായി സ്ഥലം വാങ്ങി നല്‍കാമെന്ന് ഉറപ്പ് കൊടുക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷവും പ്രശ്നങ്ങള്‍ അവസാനിച്ചില്ല. തുടര്‍ന്ന് മാരായമുട്ടം പൊലീസില്‍ പരാതി നല്‍കി. പരിഹാരമാവാതെ വന്നതോടെ വനിതാ സെല്ലില്‍ പരാതി നല്‍കി. എന്നാല്‍, വനിതാ സെല്ലില്‍ നിന്നുള്ള നിര്‍ദേശത്തിന് ഭര്‍ത്താവ് ചെവികൊടുത്തില്ലത്രേ. തുടര്‍ന്ന് രാധിക സ്വന്തം വീട്ടില്‍ മടങ്ങിയെത്തി. പൊലീസിന്റെ മദ്ധ്യസ്ഥതയില്‍ ഭര്‍ത്താവ് രാധികയുടെ വീട്ടില്‍ താമസമാക്കി. അവിടെയും പ്രശ്നങ്ങള്‍ പതിവായി. പിന്നീട് ഭര്‍ത്താവ് വീട്ടില്‍ നിന്നും മടങ്ങിയശേഷം മറ്റാരുമില്ലാത്ത അവസരത്തിലാണ് രാധിക ജീവനൊടുക്കിയത്.

ആത്മഹത്യാക്കുറിപ്പ്…

മകളുടെ ആത്മഹത്യാ കുറിപ്പുമായി ഉന്നത പൊലീസ് അധികാരികളെ നിരവധി തവണ സമീപിച്ചിട്ടും പിതാവിന്റെ ശ്രമങ്ങള്‍ ഒന്നും ഫലം കണ്ടില്ല. “ഞാന്‍ പോകുന്നു. നാണംകെട്ട് തലകുനിച്ച്‌ ജീവിക്കാന്‍ വയ്യ, എന്റെ താലി അവര്‍ പൊട്ടിച്ചെടുത്തു, എരപ്പത്തിയെന്നും, പിച്ചക്കാരിയെന്നും വിളിച്ചു. ഒന്നുമില്ലാത്തവളെന്ന് ആക്ഷേപിച്ചു. ഇനി ആരുടെയും മുമ്പിലും തലകുനിച്ച്‌ ജീവിക്കാന്‍ വയ്യ. സ്ത്രീധനം കുറഞ്ഞതിന് ഒരുപാട് അനുഭവിച്ചു. എന്റെ മനസിലിരിപ്പ് കാരണമാണ് ജീവിതം ഇങ്ങനെ ആയതെന്നാണ് ആക്ഷേപം. അതിനായി എന്തു തെറ്റാണ് ഞാന്‍ ചെയ്തതെന്ന് അറിയില്ല. അപമാനം സഹിച്ച്‌ ഇനി വയ്യ. എന്റെ മരണത്തിന് ഉത്തരവാദികള്‍ അവരാണ്. അവര്‍ സുഖമായി ജീവിക്കട്ടെ. ഈ താലി അവര്‍ക്ക് തിരികെ കൊടുക്കണം…” രണ്ട് ബുക്കുകളിലായി രാധിക എഴുതിയിരുന്ന ആത്മഹത്യ കുറിപ്പിലെ ഏതാനും ചില വരികളാണിവ.

അതേസമയം, സംഭവം നടന്ന് ഒരു വര്‍ഷമാകുമ്പോഴും പൊലീസ് നടപടി ഇഴയുന്നതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ട്. ഭര്‍ത്താവ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നതെങ്കിലും ഇയാളെ പലയിടത്തും കണ്ടതായി നാട്ടുകാര്‍ പറയുന്നു. ആ വിവരം പൊലീസില്‍ അറിയിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. അന്വേഷണം ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് രാധികയുടെ ബന്ധുക്കളും നാട്ടുകാരും ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച്‌ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്‌.