മോസ്‌കോ: കൊറോണ വൈറസ് വ്യാപനത്തിനിടെ ലോകജനതക്ക് ആശ്വാസ വാര്‍ത്തയുമായി റഷ്യ. രാജ്യത്ത് പരീക്ഷണ വാക്‌സിന്‍ വന്‍തോതില്‍ ഉത്പ്പാദിപ്പിക്കും. പ്രാദേശികമായി 30 മില്യണ്‍ ഡോസുകള്‍ ഉത്പ്പാദിപ്പിക്കാനാണ് റഷ്യ തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 30 മില്യണ്‍ ഡോസുകളും ഈ വര്‍ഷം തന്നെ ലഭ്യമാക്കാനാണ് റഷ്യയുടെ ശ്രമം.

ഇതിനു പുറമെ, വിദേശത്തേക്ക് കയറ്റുമതി ചെയ്യാന്‍ 170 മില്യണ്‍ ഡോസുകള്‍ ഉത്പ്പാദിപ്പിക്കാനും പദ്ധതിയുണ്ട്. അടുത്തിടെ, റഷ്യ വികസിപ്പിച്ചെന്ന് അവകാശപ്പെടുന്ന വാക്‌സിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. 38 പേരില്‍ നടത്തിയ പരീക്ഷണം കഴിഞ്ഞ ആഴ്ചയാണ് പൂര്‍ത്തിയായത്. വൈറസിനെതിരെ പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ വാക്‌സിന്‍ സഹായകമാണെന്നാണ് റഷ്യയിലെ ആരോഗ്യവിദഗ്ധര്‍ അറിയിച്ചത്.

ആയിരത്തിലധികം ആളുകളില്‍ മൂന്നാംഘട്ട പരീക്ഷണം നടത്താനാണ് ശ്രമമെന്ന് റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (ആര്‍ഡിഐഎഫ്) മേധാവി കിറില്‍ ഡിമിട്രീവ് അറിയിച്ചു. നിലവില്‍ രോഗികളില്‍ കണ്ടെത്തിയ പുരോഗതിയുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് മരുന്നിന് അംഗീകാരം നല്‍കുമെന്നാണ് പ്രതീക്ഷയെന്നും സെപ്തംബറോടെ മരുന്ന് കയറ്റുമതി ചെയ്യാനാകുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.