ആഗ്ര: ബ്ലാക്ക് ഫംഗസ് ബാധിച്ചതിനെ തുടര്‍ന്ന് 14 ദിവസം പ്രായമുള്ള കുഞ്ഞില്‍ നടത്തിയ ശസ്ത്രക്രിയ വിജയകരം. അപകടനില തരണം ചെയ്‌തെങ്കിലും കുഞ്ഞ് ഐസിയുവില്‍ നിരീക്ഷണത്തിലാണ്.

ആഗ്രയിലെ സരോജിനി നായിഡു മെഡിക്കല്‍ കോളജിലെ (എസ്‌എന്‍എംസി) ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയിലൂടെ ഫംഗല്‍ അണുബാധ നീക്കിയതായി ഇഎന്‍ടി വിഭാഗം മേധാവി ഡോ. അഖിലേഷ് പ്രതാപ് സിങ് പറഞ്ഞു.

കുഞ്ഞിന് വൃക്ക, ഹൃദയ രോഗങ്ങളുണ്ടെന്നും തൂക്കം കുറവാണെന്നും ഡോക്ടര്‍ പറഞ്ഞു. ഇടതു കവിളില്‍ കറുത്ത പാടും പൊള്ളല്‍ പോലെ കുമിള ഉണ്ടാവുകയും ചെയ്തതോടെയാണ് ശനിയാഴ്ച വൈകിട്ട് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.