ജയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ നീക്കങ്ങളുമായി രാഹുല്‍ ഗാന്ധി. സച്ചിന്‍ പൈലറ്റിനെ തിരികെയെത്തിക്കുന്നതിന് ഭാഗമായി രാഹുല്‍ ഗാന്ധി അദ്ദേഹത്തിന് സന്ദേശമയച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുഖ്യമന്ത്രി അശോക് ഗെലോട്ടിനോട് പരസ്യപ്രസ്താവനകള്‍ നടത്തുന്നത് അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. സച്ചിന്‍ ബിജെപിയുമായി ബന്ധപ്പെട്ടെന്നും കുതിരക്കച്ചവടം നടത്തുകയാണെന്നും ഗെലോട്ട് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എന്നാല്‍ സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടാത്ത സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ പരസ്യപ്രസ്താവനകള്‍ നടത്തുന്നതില്‍ ഹൈക്കമാന്‍ഡിനും അതൃപ്തിയുണ്ടായിരുന്നു.

മാത്രമല്ല, സച്ചിന്‍ പൈലറ്റ് ഹരിയാനയിലെ ബിജെപിയുടെ ആതിഥ്യം അവസാനിപ്പിച്ച്‌ ജയ്പൂരിലേക്ക് മടങ്ങിയാല്‍ ചര്‍ച്ച നടത്താമെന്നും കോണ്‍ഗ്രസ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.

സോണിയാ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ഇടപെടുന്നില്ലെന്നായിരുന്നു സച്ചിന്‍ ക്യാമ്ബിന്റെ പരാതി. ബിജെപിയിലേക്ക് പോകില്ലെന്ന് സച്ചിന്‍ വ്യക്തമാക്കിയതോടെ രാഹുല്‍ ഗാന്ധിയും പ്രശ്‌നത്തില്‍ ഇടപെട്ടത് രാജസ്ഥാന്‍ കോണ്‍ഗ്രസിലെ മഞ്ഞുരുക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.