ഫോട്ടോഗ്രഫിയെ അഗാധമായി ഇഷ്ടപ്പെടുന്ന നിരവധി ആളുകളുണ്ട്. തൊഴിലായും ഹോബി ആയും ഫോട്ടോഗ്രഫിയെ ഇഷ്ടപ്പെടുന്നവര്‍. ഈ ഇഷ്ടം പലരും പലരീതിയിലാണ് പ്രകടിപ്പിക്കുന്നത്. ചെറുപ്പം മുതലേ ഫോട്ടോഗ്രഫിയില്‍ ആസക്​തിയുള്ള രവി ഹൊങ്കല്‍ എന്നയാളുടേ വീടാണ്​ സോഷ്യല്‍ മീഡിയില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഒറ്റനോട്ടത്തില്‍ ഒരു ഭീമന്‍ കാമറ പോലെ തോന്നിക്കുന്ന വീടി​​ന്റെ പിന്നിലുള്ള കഥ അതിലേറെ കൗതുകമാണ്​.

​​കര്‍ണാടയിലെ ബെല്‍ഗാം സ്വദേശിയാണ് രവി ഹൊങ്ങല്‍. ലെന്‍സുകളോടുള്ള പ്രണയം അയാളെ എത്തിച്ചത്​ സ്വന്തം വീട്​​ തന്നെ കാമറയാക്കാനുള്ള തീരുമാനത്തിലേക്കാണ്​. 71 ലക്ഷം രൂപയാണ്​ അതിന്​ വേണ്ടി രവി ചിലവഴിച്ചത്​. 49കാരനായ ഫോ​േട്ടാഗ്രഫറുടെ കാമറ പ്രണയം അവിടെയും അവസാനിക്കുന്നില്ല. തനിക്ക്​ ജനിച്ച മൂന്ന്​ ആണ്‍ മക്കള്‍ക്ക് അദ്ദേഹം​ പേരിട്ടത്​ നിക്കോണ്‍, കാനണ്‍, എപ്​സണ്‍ എന്നാണ്​. മൂന്നും പ്രമുഖ കാമറ ബ്രാന്‍ഡുകളും​. വീടി​​​ന്റെ മുന്‍ ഭാഗത്ത്​ പേരുകള്‍ എഴുതാനും അദ്ദേഹം മറന്നില്ല. കാമറ രൂപമുള്ള വീടിന്​ മുന്നില്‍ ചിരിച്ചുകൊണ്ട്​ രവി ഹൊങ്കലും കുടുംബവും നില്‍ക്കുന്ന ചിത്രം ട്വിറ്ററടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്​.

വീടി​​ന്റെ എക്​സ്റ്റീരിയറില്‍ ലെന്‍സും ഫ്ലാഷും ഷോ റീലും മെമ്മറി കാര്‍ഡും വ്യൂ ഫൈന്‍ററുമെല്ലാമുണ്ട്​. കാമറയുടെ ലെന്‍സ് ഭാഗമായാണ് ജനല്‍ ക്രമീകരിച്ചിരിക്കുന്നത്. മുകളിലായി ഫ്ലാഷും ക്രമീകരിച്ചിട്ടുണ്ട്. കാമറ പോലെ ഫ്ലാഷ് ചെയ്യില്ല എങ്കിലും അതിനകത്തായി ഒരു ലൈറ്റ് ക്രമീകരിച്ചിട്ടുണ്ട്. ഒരു വശത്തായി പണ്ടുള്ള കാമറ റോളുകള്‍ അനുസ്മരിപ്പിക്കുന്ന ഫിലിം ഒരുക്കിയിട്ടുണ്ട്. മൂന്ന് നിലയുള്ള വീടിന്റെ ഒന്നാം നിലയുടെ കൈവരിയുടെ ഡിസൈനും ഫിലിമിന് സമാനമാണ്. വീടിന്​ അകത്തുള്ള സീലിങ്ങും ചുമരുകളുമെല്ലാം തന്നെ കാമറയുടെ വിവിധ പാര്‍ട്ടുകളാണെന്ന്​ തോന്നിപ്പിക്കും.