തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സി.പി.എമ്മിനുമെതിരെ കടുത്ത വിമര്‍ശനവുമായി സി.പി.ഐ. എല്ലാ സര്‍ക്കാര്‍ നിയമനങ്ങളും സുതാര്യമാകണെന്നും സ്വപ്‌നയുടെ കാര്യത്തില്‍ അതല്ല സംഭവിച്ചതെന്നും പാര്‍ട്ടി മുഖപത്രമായ ജനയുഗത്തില്‍ സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി എഴുതിയ ലേഖനം വ്യക്തമാക്കി.

കണ്‍സള്‍ട്ടിങ് ഏജന്‍സികള്‍ വഴി പിന്‍വാതില്‍ നിയമനം നടക്കുന്നതായും സ്പ്രിംഗ്‌ളര്‍ ഇടപാടില്‍ മന്ത്രിസഭയെ ഇരുട്ടില്‍ നിര്‍ത്തി കരാറുണ്ടാക്കിയെന്നും ലേഖനം വിമര്‍ശിക്കുന്നു. പ്രതിപക്ഷം ഉന്നയിക്കുന്ന അതേ ആരോപണങ്ങളാണ് ഈ വിഷയങ്ങളില്‍ സി.പി.ഐയും ഉന്നയിക്കുന്നത്. ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് സ്പ്രിംഗ്‌ളര്‍ ഇടപാടെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസിലും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപ്രസംഗം എഴുതിയിരുന്നു. ആരോപണം ഉയരാനുള്ള കാരണം സ്വപ്‌നയുടെ ഐ.ടി വകുപ്പുമായി ബന്ധപ്പെട്ട പദവിയാണെന്നും ഇതിനുള്ള സാഹചര്യം വരാതെ നോക്കേണ്ടത് സര്‍ക്കാരാണെന്നുമാണ് സി.പി.ഐ പറയുന്നത്. യു.ഡി.എഫ് ഉയര്‍ത്തുന്ന സമഗ്രമായ അന്വേഷണം തന്നെയാണ് സി.പി.ഐയും ആവശ്യപ്പെടുന്നത്.

സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ ഇതേ അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. സി.പി.ഐ ഇടയുന്നതോടെ ഇടതുമുന്നണിയിലെ മറ്റു കക്ഷികളും വിമര്‍ശനവുമായി രംഗത്തെത്താന്‍ സാധ്യതയുണ്ട്. പിന്‍വാതില്‍ നിയമനങ്ങളില്‍ സി.പി.എമ്മുകാരെ മാത്രം തിരുകിക്കയറ്റുന്നു എന്നതും ഇവരുടെ ആക്ഷേപത്തിന് കാരണമാണ്.