ബെംഗളുരു: ബെംഗളുരുവിൽ 2.7ലക്ഷം ചതുരശ്ര അടി ഓഫീസ് കെട്ടിടം 10 വർഷക്കാലത്തേക്ക് വാടകയ്ക്കെടുത്ത് ആപ്പിൾ. 6.31കോടി രൂപ മാസ വാടകയ്ക്കാണ് കെട്ടിടം വാടകയ്ക്കെടുത്തിരിക്കുന്നത്. അതായത് ഇക്കാലയളവിൽ 1010 കോടിയോളം രൂപ ആപ്പിൾ വാടക നൽകേണ്ടി വരും. റിയൽ എസ്റ്റേറ്റ് സ്ഥാപനമായ എംബസി ഗ്രൂപ്പിന്റെ ബെംഗളുരുവിലെ വസന്ത് നഗറിലുള്ള സാങ്കീ റോഡിലുള്ള എംബസി സെനിത്ത് കെട്ടിടത്തിലെ അഞ്ച് മുതൽ 13 നില വരെയാണ് ആപ്പിൾ വാടകയ്ക്കെടുത്തിരിക്കുന്നത്. കാർപാർക്കിങ് ഏരിയയും കരാറിൽ ഉൾപ്പെടുന്നു.
വിദേശ രാജ്യങ്ങളിൽ ആപ്പിൾ വ്യവസായം വിപുലീകരിക്കുന്നതിനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂക്ഷവിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് കമ്പനി ഇന്ത്യയിൽ 10 വർഷക്കാലത്തേക്ക് ഓഫീസ് കെട്ടിടം വാടകയ്ക്കെടുത്തിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
സുരക്ഷാ നിക്ഷേപമായി 31.57 കോടി രൂപ കമ്പനി നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു. വർഷം 4.5 ശതമാനം വാടകയിനത്തിൽ വർധനവുമുണ്ടാവും. 2025 ഏപ്രിൽ മൂന്നിനാണ് കരാർ ആരംഭിച്ചത്. 1.5 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായും കമ്പനി നൽകിയിട്ടുണ്ട്.
ഇന്ത്യയിൽ വ്യവസായം വിപുലീകരിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് എഞ്ചിനീയറിങ്, ഓപ്പറേഷൻ ടീമുകൾ വിപുലീകരിച്ചുകൊണ്ടിരിക്കുകയാണ് ആപ്പിൾ. ഇതോടൊപ്പം റീട്ടെയിൽ രംഗത്തും സാന്നിധ്യം വർധിപ്പിച്ചുവരികയാണ്. മുംബൈയിലും ഡൽഹിയിലും സ്റ്റോറുകൾ ആരംഭിച്ചതിന് പിന്നാലെ ബെംഗളുരുവിലെ ഫീനിക്സ് മാൾ ഓഫ് ഏഷ്യയിൽ ഇന്ത്യയിലെ മൂന്നാമത്തെ ആപ്പിൾ സ്റ്റോർ ആരംഭിക്കാനൊരുങ്ങുകയാണ് കമ്പനി.