മലയോര ഹൈവേ കയ്യേറി സ്ഥാപിച്ചിരിക്കുന്ന പെട്ടിക്കടകൾ പൊളിച്ചു നീക്കിത്തുടങ്ങി. പൊതുമരാമത്ത്, റവന്യു, പൊലീസ് വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് കടകൾ പൊളിച്ചത്. ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ ഉയർന്നെങ്കിലും ഉദ്യോഗസ്ഥർ നടപടികളിൽ നിന്നു പിന്നോട്ടു പോയില്ല. കഴി‍ഞ്ഞ ദിവസം മൂന്നു ദിവസത്തിനകം കടകൾ പൊളിച്ചു നീക്കണം എന്നു കാട്ടി പൊതുമരാമത്ത് വകുപ്പ് നോട്ടിസ് നൽകിയിരുന്നു. 

എന്നാൽ കടകൾ സ്ഥാപിച്ചവർ ഇതിനു തയാറായില്ല. ഇതേ തുടർന്നാണ് പൊലീസ് സംരക്ഷണയിൽ ഉദ്യോഗസ്ഥർ എത്തിയത്. കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെയുളള 20 കടകൾക്കാണ് നോട്ടിസ് നൽകിയിരിക്കുന്നത്. മലയോര ഹൈവേയുടെ ടാറിങ് പൂർത്തിയായതിനു പിന്നാലെ കടകൾ ഒഴിയണം എന്നാവശ്യപ്പെട്ട് നോട്ടിസ് നൽകിയിരുന്നെങ്കിലും കട സ്ഥാപിച്ചവർ ഇതു പരിഗണിച്ചില്ല. 

ഈ സാഹചര്യത്തിലാണ് രണ്ടാം ഘട്ട നോട്ടിസ് നൽകിയത്. ഇതിനിടെ കുട്ടിക്കാനം ജംക്‌ഷനിൽ കട നടത്തുന്നവർ സാധനങ്ങൾ മാറ്റുന്നതിനു ഏതാനും ദിവസങ്ങൾ കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിനും നിവേദനം നൽകിയിരുന്നു. പീരുമേട് പഞ്ചായത്തും ഈ ആവശ്യം പരിഗണിക്കണം എന്നാവശ്യപ്പെട്ടു. ഇതേ തുടർന്ന് കുട്ടിക്കാനത്തെ കടകൾ നീക്കം ചെയ്യുന്നതിനു 10 ദിവസം കൂടി സാവകാശം നൽകാൻ തീരുമാനമായി.