ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് കപ്പലുകൾക്ക് സായുധ സുരക്ഷ നൽകുന്ന നാവിക ദൗത്യം പുനരാരംഭിക്കാൻ അമേരിക്ക ഒരുങ്ങുന്നു. തങ്ങളുടെ സൈനിക താവളങ്ങളും വ്യോമപാതയും ഉപയോഗിക്കുന്നതിന് സൗദി അറേബ്യയും കുവൈറ്റും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കിയതായാണ് റിപ്പോർട്ടുകൾ. ഹോർമുസ് തുറക്കുന്നതിനായി അമേരിക്ക സൈനിക നടപടി ആരംഭിച്ചതിന് പിന്നാലെയാണ് ഈ രാജ്യങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ഗൾഫ് രാജ്യങ്ങളുടെ പുതിയ തീരുമാനം ട്രംപ് ഭരണകൂടത്തിന്റെ സുരക്ഷാ ദൗത്യത്തിന് വലിയ കരുത്താകും.
‘വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് പ്രകാരം, വെറും 36 മണിക്കൂർ മാത്രം നീണ്ടുനിൽക്കുകയും പിന്നീട് താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്ത ‘പ്രോജക്ട് ഫ്രീഡം’ (Project Freedom) ഈ ആഴ്ച തന്നെ പുനരാരംഭിച്ചേക്കും. ഇതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും പെന്റഗൺ അധികൃതർ ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു.



