രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ രാജ്യതലസ്ഥാനത്ത് പൊലീസ് സുരക്ഷ കര്‍ശനമാക്കി. ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ പരിശോധനകളും സുരക്ഷയും ശക്തമാക്കിയിട്ടുണ്ടെന്ന് ഡല്‍ഹി പൊലീസ് മേധാവി രാകേഷ് അസ്താന പറഞ്ഞു. കര്‍ഷക സമരങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രതിഷേധം കണക്കിലെടുത്ത് കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അതിര്‍ത്തികള്‍ അടച്ചെന്നും രാകേഷ് അസ്താന ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തുന്നതോടെ രാജ്യം സ്വാതന്ത്ര്യദിനാഘോഷങ്ങളിലേക്ക് കടക്കും. പതാക ഉയര്‍ത്തിയതിന് ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, സെക്രട്ടറി ഡോ.അജയ്കുമാര്‍ എന്നിവര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കും.



