സ്പീക്കർ തെരഞ്ഞെടുപ്പിന് 6 ദിവസം ശേഷിക്കുമ്പോള്‍ ആര് സ്പീക്ക‌റാകും എന്നതില്‍ ഇനിയും എൻഡിഎയില്‍ തീരുമാനമായിട്ടില്ല.ബിജെപി എംപി തന്നെ സ്പീക്കർ സ്ഥാനം വഹിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹം.  സഖ്യകക്ഷികളില്‍ നിന്ന് ജെഡിയു ഉള്‍പ്പെടെയുള്ള പാർട്ടികളും ഇതിനെ പിന്തുണക്കുന്നുണ്ട്. 

മുന്‍ ലോക്സഭ സ്പീക്കർ ഓം ബിർളയുടേത് അടക്കമുള്ള പേരുകളാണ് നേതൃത്വത്തിന്‍റെ പരിഗണനയില്‍ ഉള്ളത്.  എന്നാല്‍ എൻഡിഎ മുഖമായിരിക്കണം സ്പീക്ക‌ർ പദവിയില്‍ വേണ്ടതെന്ന നിലപാടില്‍ തന്നെയാണ് ടിഡിപി. കഴിഞ്ഞ ദിവസം രാജ്നാഥ് സിങിന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍  ആരുടെയും പേര് ഉയർന്ന് വന്നില്ലെന്നാണ് വിവരം. വെള്ളിയാഴ്ചക്കുള്ളില്‍ ഇക്കാര്യത്തില്‍ അഭിപ്രായം അറിയിക്കണമെന്ന് ഘടകക്ഷികളോട് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.

ബിജെപി എംപി തന്നെ സ്പീക്കർ പദവിയില്‍ വേണമെന്ന തീരുമാനത്തില്‍ ബിജെപി ഉറച്ച് നില്‍ക്കുകയാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി  ചന്ദ്രബാബു നായിഡുവുമായി സംസാരിക്കാൻ സാധ്യതയുണ്ട്.  ഡെപ്യൂട്ടി സ്പീക്കർ പദവി എൻഡിഎ കക്ഷികള്‍ക്ക് നല്‍കുകയെന്ന ഫോര്‍മുലയും ചർച്ചയിലുണ്ടെന്നാണ് വിവരം.