തിരുവനന്തപുരം> സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ “കാതോര്‍ത്ത്’ ഓണ്‍ലൈന്‍ സേവനങ്ങളില്‍ പങ്കാളിയായി മന്ത്രി വീണ ജോര്‍ജ്. സ്ത്രീകള്‍ക്ക് ഓണ്‍ലൈനായി കൗണ്‍സലിങ്, നിയമ സഹായം, പൊലീസിന്റെ സേവനം എന്നിവ നല്‍കുന്നത് ‘കാതോര്‍ത്ത്’ പോര്‍ട്ടല്‍ വഴിയാണ്. ഈ സേവനത്തിനായി വിളിച്ച കാസര്‍കോട് സ്വദേശിയുമായി മന്ത്രി നേരിട്ട് സംസാരിച്ചു. യുവതിയുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയും നടപടി സ്വീകരിക്കാന്‍ വകുപ്പിന് നിര്‍ദേശം നല്‍കുകയും ചെയ്തു. കൗണ്‍സലിങ്ങും നിയമ സഹായവുമാണ് യുവതി ആവശ്യപ്പെട്ടത്.
സ്ത്രീകളും പെണ്‍കുട്ടികളും അവരുടെ പ്രശ്നങ്ങള്‍ തുറന്നു പറയാന്‍ ‘കാതോര്‍ത്ത്’ ഓണ്‍ലൈന്‍ സേവനം തേടേണ്ടതാണെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഒരാള്‍ സേവനം ആവശ്യപ്പെട്ടു കഴിഞ്ഞാല്‍ എത്രയുംവേഗം പൊലീസ് സഹായം ലഭ്യമാക്കുന്നുണ്ട്.
വനിത ശിശുവികസനവകുപ്പ് സംവിധാനവും ബോധവല്‍ക്കരണവും ശക്തിപ്പെടുത്താനായി പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കും. നിലവിലെ വകുപ്പുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കാതോര്‍ത്ത് സേവനങ്ങള്‍ക്ക് (https://kathorthu.wcd.kerala.gov.in) പുറമെ 181 ഹെല്‍പ് ലൈന്‍ വഴിയും സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 83 ലീഗല്‍ സര്‍വീസ് പ്രൊവൈഡിങ് സെന്ററുകള്‍വഴിയും 39 ഫാമിലി കൗണ്‍സലിങ് സെന്ററുകള്‍ വഴിയും സേവനങ്ങള്‍ ലഭ്യമാണ്.



