കുട്ടിയെക്കൊണ്ട് ശരീരത്തിൽ ചിത്രം വരപ്പിച്ചതിന്റെ പേരിൽ ആക്‌ടിവിസ്‌റ്റ് രഹ്ന ഫാത്തിമയ്ക്ക് എതിരെ പോക്സോ നിയമപ്രകാരം എടുത്ത കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് വിധിച്ചത്. സുപ്രധാനമായ നിരവധി നിരീക്ഷണങ്ങളും വിധിക്കൊപ്പം ഹൈക്കോടതി പങ്കുവച്ചു. സ്ത്രീയുടെ നഗ്ന ശരീരം എല്ലായ്‌പ്പോഴും ലൈംഗികമായോ അശ്ലീലമായോ കാണാൻ കഴിയില്ലെന്ന സുപ്രധാന നിരീക്ഷണത്തോടെയാണ് രഹ്നയെ കോടതി കുറ്റവിമുക്തയാക്കിയത്.
രഹ്ന തയ്യാറാക്കിയ വീഡിയോ അശ്ലീലമായി കാണാനാവില്ല. നഗ്നശരീരം സാധാരണമാണെന്ന് കുട്ടിക്ക് ബോധ്യമാകാൻ ശരീരം കാൻവാസാക്കുന്നത് തെറ്റായി കാണാനാവില്ലെന്നും ഉത്തരവിൽ ജസ്‌റ്റിസ് കൗസർ എടപ്പകത്ത് വ്യക്തമാക്കി.
സമൂഹത്തിലെ ഈ ഇരട്ടത്താപ്പ് തുറന്നുകാട്ടുക എന്നതായിരുന്നു ഇവിടെ (കുറ്റാരോപിതയുടെ) ഉദ്ദേശം. ഈ കേസിൽ കുട്ടിയെ ഏതെങ്കിലും ലൈംഗിക പ്രവർത്തികൾക്ക് ഉപയോഗിച്ചുവെന്ന് ആർക്കും ആരോപിക്കാൻ കഴിയില്ല. കുട്ടിക്ക് പെയിന്റ് ചെയ്യാനുള്ള കാൻവാസായി തന്റെ ശരീരം ഉപയോഗിക്കാൻ മാത്രമാണ് അമ്മ അനുവദിച്ചത്.
ഒരു സ്ത്രീക്ക് തന്റെ ശരീരത്തെക്കുറിച്ച് തീരുമാനങ്ങൾ എടുക്കാനുള്ള അവകാശം അവളുടെ മൗലികാവകാശത്തിന്റെ കാതലാണ്. ഇവിടെ ഈ ദൃശ്യം പങ്കുവെച്ച സന്ദർഭവും അത് സമൂഹത്തിന് നൽകിയ സന്ദേശവും അവഗണിച്ചു കൊണ്ട് നടപടിയെടുക്കാൻ മതിയായ കാരണങ്ങൾ ഒന്നും കാണുന്നില്ലെന്നും കോടതി വ്യക്തമാക്കി.
‘ബോഡി ആൻഡ് പൊളിറ്റിക്‌സ്’ എന്ന തലക്കെട്ടോടെ രഹന ഫാത്തിമ സമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ദൃശ്യങ്ങളാണ് കേസിന് കാരണമായത്. പ്രായ പൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ ശരീര പ്രദർശനം നടത്തിയത് പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടി തിരുവല്ല സ്വദേശി പരാതി നൽകിയതോടെ പോക്സോ നിയമവും ഐടി നിയമവും ചുമത്തി പോലീസ് കേസെടുത്തു. ലാപ്ടോപ്പും പെയിന്റ് ഉപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു.