മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ ചുരങ്ങിയ കാലംകൊണ്ട് മികവാര്‍ന്ന നേട്ടങ്ങളുണ്ടാക്കിയ താരമാണ് സൂര്യകുമാര്‍ യാദവ്. ദേശീയ ജേഴ്‌സിക്കപ്പുറം ഐപിഎല്ലിലും മികച്ച ഫോമിലായിരുന്നു മുംബൈ ഇന്ത്യന്‍സ് താരമായ സൂര്യ. പേര് ചുരുക്കി ‘സ്‌കൈ’ എന്നാണ് കമന്റേറ്റര്‍മാരും ആരാധകരും സൂര്യയെ വിളിക്കുന്നത്. തനിക്ക് സ്‌കൈ എന്ന വിളിപ്പേര് കിട്ടിയത് എങ്ങനെയെന്ന് വെളിപ്പെടുത്തിയിക്കുകയാണിപ്പോള്‍ സൂര്യ. 

2014-15 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കളിക്കുമ്പോഴാണ് തനിക്ക് ആ പേര് വീണതെന്നാണ് സൂര്യ പറയയുന്നത്. ടി20 ക്രിക്കറ്റില്‍ ഒന്നാം റാങ്കുകാരനായ സൂര്യയുടെ വാക്കുകള്‍… ”കൊല്‍ക്കത്തയ്ക്ക് വേണ്ടി കളിക്കുമ്പോഴാണ് എനിക്ക് ആ പേര് വീഴുന്നത്. അന്ന് ക്യാപ്റ്റനായ ഗൗതം ഗംഭീറാണ് പേരിന് പിന്നില്‍. സൂര്യകുമാര്‍ യാദവ് എന്നത് അദ്ദേഹം ചുരുക്കി വിളിക്കുകയായിരുന്നു. ഇത്രയും വലിയ പേര് നീട്ടി വിളക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പേര് ചുരുക്കുന്നത്.” സൂര്യ പറഞ്ഞു. 

ഇപ്പോള്‍ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനായി ഇംഗ്ലണ്ടിലാണ് സൂര്യ. ടീമിനൊപ്പം സ്റ്റാന്‍ഡ് ബൈ താരമായിട്ടാണ് സൂര്യ പോയത്. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു സൂര്യ. തുടക്കത്തില്‍ മോശം പ്രകടനാണ് പുറത്തെടുത്തതെങ്കിലും അവസാനങ്ങളില്‍ ആളിക്കത്താന്‍ സൂര്യക്കായി. റണ്‍ വേട്ടക്കാരില്‍ ആറമതാണ് താരം. 16 മത്സരങ്ങളില്‍ 43.21 ശരാശരിയില്‍ 605 റണ്‍സാണ് സൂര്യ നേടിയത്. 181.14 സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ നേട്ടം.