സുഡാൻ ആഭ്യന്തരകലാപത്തിൽ ഒരു മലയാളി ഉൾപ്പടെ 56 പേർ മരിച്ചു. കണ്ണൂർ ആലക്കോട് സ്വദേശി അൽബർട്ട് അഗസ്റ്റിനാണു മരണപ്പെട്ടത്. 48 വയസായിരുന്നു. ദാൽ ഗ്രൂപ്പിന്‍റെ സെക്യൂരിറ്റി മാനേജരായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. അറുന്നൂറിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. വ്യോമാക്രണം ശക്തമായ സാഹചര്യത്തിൽ വിമാനസർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. ഖാർത്തൂം വിമാനത്താവളത്തിൽ നിന്നും പുറപ്പെടാനിരിക്കെ സൗദി വിമാനത്തിനു വെടിയേറ്റു.

സുഡാനിൽ സൈന്യവും അർദ്ധ സൈനിക വിഭാഗവും തമ്മിലുള്ള സംഘർഷം ഇന്നലെയാണ് ഉടലെടുത്തത്. തലസ്ഥാനമായ ഖാർത്തൂമിലാണ് സംഘർഷം രൂക്ഷമായിരിക്കുന്നത്. കൂടുതൽ മേഖലകളിലേക്കു വ്യാപിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

ഇന്ത്യൻ എംബസിയുടെ കണക്കുപ്രകാരം ഏകദേശം നാലായിരത്തോളം ഇന്ത്യക്കാരാണ് സുഡാനിലുള്ളത്. സാഹചര്യങ്ങൾ വിലയിരുത്തി വരികയാണെന്ന് എംബസി അധികൃതർ അറിയിച്ചു. സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഖാർത്തൂമിൽ താമസിക്കുന്നവരോട് വീടുകളിൽ തന്നെ കഴിയാൻ നിർദ്ദേശിച്ചിട്ടുണ്ട്.