സിക്കിമിലെ പ്രളയത്തിൽ തെലുങ്ക് നടിയെ കാണാതായാതായി റിപ്പോർട്ട്. നടി സരള കുമാരിയെയാണ് കാണാതയത്. നടിയുടെ മകൾ നബിതയാണ് അമ്മയെ കാണാനില്ലെന്ന് കാണിച്ച് പരാതി നൽകിയത്. 1983ൽ മിസ് ആന്ധ്രയായി തിരഞ്ഞെടുത്ത സരള കുമാരി നിരവധി തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ഹൈദരാബാദിലാണ് താരം താമസിക്കുന്നത്. ഒക്ടോബർ 2ന് താരം സുഹൃത്തുക്കളോടൊപ്പം സിക്കിമിലേക്ക് യാത്ര പോയിരുന്നു. യാത്രയെ കുറിച്ച് അമേരിക്കയിലുള്ള മകളെ അറിയിച്ചു. ഒക്ടോബർ 3ന് ആണ് അമ്മയുമായി അവസാനമായി സംസാരിച്ചത്. പിന്നീട് ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് മകൾ പരാതിയിൽ പറയുന്നു.
വാർത്തകളിലൂടെയാണ് സിക്കിമിലെ വെള്ളപ്പൊക്കത്തെ കുറിച്ച് അറിഞ്ഞതെന്നും തുടർന്ന് അമ്മയുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും മകൾ നബിത പറഞ്ഞു. സിക്കിമിലെ ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഹൈദരാബാദിലെ ഹൈടെക് സിറ്റി ഏരിയയിലെ ഹോട്ടലിലായിരുന്നു സരള കുമാരി താമസിച്ചിരുന്നത്.
അതേസമയം സിക്കിമിലെ പ്രളയത്തിൽ മരണ സംഖ്യ ഉയരുകയാണ്. ഇതുവരെ 56 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിലുണ്ടായ അപ്രതീക്ഷിത മേഘസ്ഫോടനത്തെ തുടർന്ന് ടീസ്റ്റ നദിയിലെ ജലനിരപ്പ് വർധിച്ചതോടെയാണ് ദുരന്തമുണ്ടായത്. മിന്നൽ പ്രളയത്തിൽ എട്ട് സൈനികർ ഉൾപ്പെടെയാണ് 56 പേർ മരണപ്പെട്ടത്.



