ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്കിടെ മൂന്ന് അമേരിക്കൻ ഡിസ്ട്രോയർ കപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണമുണ്ടായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതിന് പിന്നാലെ ഇറാൻ സമാധാന കരാറിൽ ഉടൻ ഒപ്പിട്ടില്ലെങ്കിൽ ഭാവിയിൽ “കൂടുതൽ ശക്തമായും അക്രമാസക്തമായും” (A lot harder and a lot more violently) വാഷിംഗ്ടൺ പ്രതികരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാനുമായി നടത്തിയ ചർച്ചകളിൽ സംതൃപ്തി പ്രകടിപ്പിച്ച് ഒരു ദിവസം തികയുന്നതിന് മുൻപേയാണ് മേഖലയിൽ വീണ്ടും സംഘർഷം ഉടലെടുത്തത്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള തന്ത്രപ്രധാനമായ യാത്രയിൽ മിസൈലുകളും ഡ്രോണുകളും ചെറുകിട ബോട്ടുകളും ഉപയോഗിച്ച് ഇറാൻ ആക്രമണത്തിന് ശ്രമിച്ചെങ്കിലും അമേരിക്കൻ കപ്പലുകൾ അത് വിജയകരമായി അതിജീവിച്ചുവെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ട്രംപ് പറഞ്ഞു. അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും എന്നാൽ ആക്രമിക്കാൻ വന്ന ഇറാനിയൻ സംഘത്തെ പൂർണ്ണമായും നശിപ്പിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.



