കൊച്ചി: സഭാക്കേസിലെ വിധി നടപ്പാക്കുന്നില്ലെന്ന്‌ ആരോപിച്ച്‌ ഓര്‍ത്തഡോക്‌സ്‌ സഭ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ സംസ്‌ഥാന ചീഫ്‌ സെക്രട്ടറി സത്യവാങ്‌മൂലം ഫയല്‍ ചെയ്‌തു. യാക്കോബായ, ഓര്‍ത്തഡോക്‌സ്‌ വിഭാഗങ്ങളുമായി മുഖ്യമന്ത്രിയുടെയും തന്റെയും അധ്യക്ഷതയില്‍ പലവട്ടം ചര്‍ച്ച നടത്തിയിട്ടും ഫലമുണ്ടായില്ലെന്നു ചീഫ്‌ സെക്രട്ടറി ഡോ. വി.പി. ജോയ്‌ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ പറയുന്നു.

ഇടവകാംഗങ്ങളുടെ മൂന്നില്‍രണ്ട്‌ ഭൂരിപക്ഷം മാനദണ്ഡമാക്കി തര്‍ക്കം പരിഹരിക്കാമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ ഭാഗത്തുനിന്നു മുന്നോട്ടു വച്ചപ്പോള്‍, ഓര്‍ത്തഡോക്‌സ്‌ വിഭാഗം സമ്മതിച്ചില്ലെന്നും സത്യവാങ്‌മൂലത്തില്‍ ബോധിപ്പിച്ചിട്ടുണ്ട്‌. സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന നിലപാടില്‍ ഓര്‍ത്തഡോക്‌സ്‌ പക്ഷം ഉറച്ചുനിന്നപ്പോള്‍, കോടതിവിധിയിലൂടെ ഈ വിഷയം പരിഹരിക്കാന്‍ കഴിയില്ലെന്നും നിയമനിര്‍മ്മാണം മാത്രമാണു പോംവഴിയെന്നുമാണ്‌ യാക്കോബായ വിഭാഗം അറിയിച്ചത്‌.

സഭാതര്‍ക്കം പരിഹരിക്കാന്‍ ജസ്‌റ്റിസ്‌ കെ.ടി. തോമസ്‌ അധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മറ്റി കരട്‌ബില്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്‌. എന്നാല്‍, നിയമനിര്‍മ്മാണമെന്ന നിര്‍ദ്ദേശത്തെ ഓര്‍ത്തഡോക്‌സ്‌ വിഭാഗം എതിര്‍ക്കുമ്പോള്‍ ചര്‍ച്ച്‌ബില്‍ വേണമെന്നാണു യാക്കോബായ വിഭാഗം ആവശ്യപ്പെടുന്നത്‌.1934-ലെ സഭാ ഭരണഘടന പ്രകാരം പള്ളികളില്‍ ഭരണം നടത്തണമെന്നാണ്‌ 2017-ലെ സുപ്രീംകോടതി വിധി. പക്ഷേ, വിധി നടപ്പാക്കുമ്പോള്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുകയാണ്‌. കോതമംഗലം ചെറിയ പള്ളിക്കേസില്‍ സി.ആര്‍.പി.എഫിനെ ഉപയോഗിച്ചു പള്ളി പിടിച്ചെടുത്തു നല്‍കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കുന്നതു പ്രശ്‌നം കൂടുതല്‍ വഷളാക്കുമെന്നാണു കളക്‌ടര്‍ സത്യവാങ്‌മൂലം നല്‍കിയിട്ടുള്ളത്‌.
പള്ളികള്‍ ഏറ്റെടുക്കുമ്പോള്‍ വലിയ ക്രമസമാധാന പ്രശ്‌നമാണുണ്ടാകുന്നത്‌. എന്നിട്ടും ഇതുവരെയുള്ള കോടതി ഉത്തരവുകള്‍ നടപ്പാക്കിയിട്ടുണ്ട്‌. നിലവില്‍ പോലീസ്‌ സംരക്ഷണയിലുള്ള പള്ളികളിലും പ്രശ്‌നം സങ്കീര്‍ണമായി തുടരുകയാണെന്നു മുഖ്യമന്ത്രിയെ അറിയിച്ചതിന്റെ അടിസ്‌ഥാനത്തിലാണ്‌ ഇരുവിഭാഗവുമായി പലവട്ടം ചര്‍ച്ച നടത്തിയത്‌. എന്നിട്ടും സമവായം ഉണ്ടായിട്ടില്ല. ഇനിയും കോടതി ഉത്തരവിട്ടാല്‍ അതു നടപ്പാക്കാന്‍ ശ്രമിക്കുമെന്നും ബോധിപ്പിച്ചിട്ടുണ്ട്‌.

സഭാക്കേസ്‌ വിധി നടപ്പിലാക്കുന്നില്ലെന്ന്‌ ആരോപിച്ച്‌ ഓര്‍ത്തഡോക്‌സ്‌ സഭ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയാണു സുപ്രീം കോടതി പരിഗണിക്കുന്നത്‌. കഴിഞ്ഞ മാസം കേസ്‌ പരിഗണിച്ചപ്പോള്‍ സംസ്‌ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ സത്യവാങ്‌മൂലമായി നല്‍കണമെന്ന്‌ ഓര്‍ത്തഡോക്‌സ്‌ വിഭാഗം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണു വാദം കേള്‍ക്കുന്നതു നാലാഴ്‌ചത്തേക്കു മാറ്റിയത്‌. കേസ്‌ അടുത്തമാസം മധ്യവേനല്‍ അവധിക്കു മുമ്പായി പരിഗണിക്കും.