തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്‍റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാൻ രണ്ടാം പിണറായി സർക്കാരിൽ ബുധനാഴ്ച വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

ആര് മന്ത്രിയാകണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ്. ഇതൊരു അസാധാരണ സാഹചര്യമാണ്. തന്‍റെ ആശങ്ക സർക്കാരിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ ആത്യന്തികമായി മുഖ്യമന്ത്രിയുടെ ശിപാർശ താൻ അംഗീകരിച്ചതായും ഗവർണർ പറഞ്ഞു.

അതേസമയം, താൻ ഭരണഘടന വിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ഇന്ന് സജി ചെറിയാൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ആറുമാസം മന്ത്രിസ്ഥാനത്ത് നിന്ന് മാറി നിന്നത് സർക്കാരിന്‍റെയും പാർട്ടിയുടെയും താൽപര്യം സംരക്ഷിക്കാനാണ്. തന്‍റെ പേരിൽ എവിടെയും കേസില്ലെന്നും അദ്ദേഹം പറഞ്ഞു.