പുല്‍വാമാ ആക്രമണത്തില്‍ മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ എന്തുകൊണ്ട് ചര്‍ച്ച ചെയ്യുന്നില്ലെന്ന് ശശി തരൂര്‍ എംപി.

രാജ്യസുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്ന ഗുരുതരമായ വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പരാജയപ്പെടുന്നത് ഒന്നുകില്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ മനഃപൂര്‍വം കടമ മറക്കുകയോ അല്ലെങ്കില്‍ നിയമവിധേയമല്ലാത്ത സെന്‍സര്‍ഷിപ്പിന്റെ തെളിവോ ആണെന്നും അദ്ദേഹം ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാധ്യമങ്ങളെ ഈ വിധത്തില്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിന് കഴിയുമെങ്കില്‍ സ്വതന്ത്ര മാധ്യമങ്ങളുള്ള ജനാധിപത്യമാണ് നമ്മള്‍ എന്ന് അവകാശപ്പെടുന്നത് അവസാനിപ്പിക്കണമെന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയുടെ ഇക്കാര്യത്തിലുള്ള അജ്ഞതയും അഴിമതിയോടുള്ള അഡ്ജസ്റ്റ്‌മെന്റുകളും അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് കരുതി തള്ളിക്കളയുകയാണെന്നും അദ്ദേഹം പറഞ്ഞു.

പുല്‍വാമ ദുരന്തത്തിന്റെ പിന്നാമ്പുറ സംഭവ കഥകള്‍ അടിച്ചമര്‍ത്തുന്നത് ദേശീയ സുരക്ഷാ താല്‍പ്പര്യമല്ലെന്നും മറിച്ച് ഭരണകക്ഷിയുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മാത്രമാണെന്നും തരൂര്‍ കുറ്റപ്പെടുത്തി.

പരാജയം സത്യസന്ധമായി അംഗീകരിക്കുന്നതിനും തിരുത്തല്‍ നടപടിക്കും വേണ്ടി മാധ്യമങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.