തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നതും ഓണ്‍ലൈനിലെ അധ്യയനം തുടങ്ങുന്നതും സംബന്ധിച്ച അന്തിമതീരുമാനം ഇന്നറിയാം.

ഇക്കാര്യങ്ങള്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും. പ്ലസ് വണ്‍ പരീക്ഷാകാര്യത്തിലും ഇന്ന് അന്തിമ തീരുമാനം വരാന്‍ സാധ്യതയുണ്ട്.

ജൂണ്‍ 1 മുതല്‍ തന്നെ പ്ലസ്ടു ക്ലാസുകള്‍ തുടങ്ങാനാണ് ഇപ്പോഴത്തെ നീക്കം. പ്രവേശനോത്സവം ജൂണ്‍ ഒന്നിന് ഓണ്‍ലൈനായി നടത്തും.

അതേസമയം പത്തോ പന്ത്രണ്ടോ കുട്ടികളെ വച്ച്‌ സൂചനാത്മകമായി പ്രവേശനോത്സവം നടത്തി അത് വിക്ടേഴ്സ് ചാനലിലൂടെ പ്രദ‍ര്‍ശിപ്പിക്കാനും ആലോചനയുണ്ട്.

വിക്ടേഴ്സ് ചാനല്‍ വഴിയുളള ക്ലാസുകളും ഒന്നാം തീയതി തന്നെ തുടങ്ങും. ക്ലാസിന് ശേഷം ഗൂഗിള്‍ മീറ്റ് പോലുളള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി സ്കൂള്‍തലത്തില്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും സംവദിക്കാവുന്ന രീതിയിലുളള ക്ലാസുകളും ആലോചനയിലുണ്ട്.

പ്ലസ്‍വണ്‍ പരീക്ഷ നടത്തണമെന്നും വേണ്ടെന്നും ആവശ്യമുയരുന്നുണ്ട്. രാവിലെ പതിനൊന്നരയ്ക്കാണ് വിദ്യാഭ്യാസ മന്ത്രിയുടെ വാര്‍ത്താ സമ്മേളനം.