തിരുവനന്തപുരം: പാറശാലയിലെ ഷാരോൺ രാജിന്റെ ദുരൂഹമരണത്തിൽ കൂടുതൽ വാട്ട്സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്. കാമുകിയുടെ വീട്ടിൽ പോയി വന്ന ശേഷം ഷാരോണും കാമുകിയുമായുള്ള അവസാന വാട്ട്സ്ആപ്പ് ഓഡിയോ സന്ദേശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
കഷായം കുടിച്ച കാര്യം വീട്ടിൽ പറഞ്ഞിട്ടില്ലെന്നാണ് ഷാരോൺ പെൺകുട്ടിയോട് പറയുന്നത്. ഡേറ്റ് കഴിഞ്ഞ ജ്യൂസ് കുടിച്ചതാണ് പ്രശ്ന കാരണമെന്ന് വീട്ടിൽ പറഞ്ഞതായി ഷാരോൺ വ്യക്തമാക്കുന്നുണ്ട്. ജ്യൂസിൽ ചില സംശയങ്ങളുണ്ടെന്ന് കാമുകി ഷാരോണിനോട് പറയുന്നതും സന്ദേശത്തിലുണ്ട്.
മരണത്തിൽ കൂടുതൽ ദുരൂഹത സൂചിപ്പിക്കുന്നതാണ് ഈ ശബ്ദസന്ദേശം. യുവതി നല്കിയ പാനീയം കഴിച്ചശേഷം വൃക്ക ഉള്‍പ്പെടെയുള്ള ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കൾ പോലീസിൽ നൽകിയ പരാതി.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷാരോൺ മരിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഇരുവരും അടുപ്പത്തിലായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ കഴുത്തില്‍ താലികെട്ടി വിവാഹം നടത്തി.
കഴിഞ്ഞയിടെ മറ്റൊരാളുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചതിനെചൊല്ലി ഇവരുടെ ബന്ധത്തില്‍ വിള്ളലുണ്ടായിരുന്നു. ആദ്യം സെപ്റ്റംബറിൽ വിവാഹം നടത്താനാണ് തീരുമാനിച്ചതെങ്കിലും ഈ വര്‍ഷം നവംബറിനു മുമ്പ് വിവാഹിതയായാല്‍ ആദ്യ ഭര്‍ത്താവ് മരിക്കുമെന്ന് ജാതകത്തിലുള്ളത് കൊണ്ട് തീയതി മാറ്റിവച്ചെന്ന് യുവതി ഇയാളോട് പറഞ്ഞിരുന്നു.
ഈ ജാതകദോഷം തീര്‍ക്കാന്‍ യുവാവിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാകാമെന്നാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ 14നാണ് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. പെണ്‍കുട്ടി നല്കിയ പാനീയം കഴിച്ച് ഛര്‍ദിച്ച് അവശനിലയിലായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാര്യമായ പ്രശ്നമില്ലാത്തതിനാല്‍ പിന്നീട് വിട്ടയച്ചു.
തൊട്ടടുത്ത ദിവസം വായില്‍ വ്രണങ്ങള്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് വെള്ളം പോലും കുടിക്കാന്‍ വയ്യാത്ത അവസ്ഥയിലേയ്ക്ക് മാറി. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചപ്പോള്‍ വൃക്കകളുടെ പ്രവര്‍ത്തനം താറുമാറായതായി ബോധ്യപ്പെട്ടു. വിഷം ഉള്ളില്‍ ചെന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു.
ഇതിനു പിന്നാലെ മറ്റ് പല ആന്തരിക അവയവങ്ങളുടെയും പ്രവര്‍ത്തനം മോശമായി. ഒന്‍പത് ദിവസത്തിനിടെ ഇയാള്‍ക്ക് അഞ്ചു തവണ ഡയാലിസിസ് നടത്തി. അവസ്ഥ മോശമായതിനെ തുടര്‍ന്ന് പിന്നീട് മരിക്കുകയായിരുന്നു.



