രാമായണം അടിസ്ഥാനമാക്കി ഓ റൗത് സംവിധാനംചെയ്ത സിനിമ ‘ആദിപുരുഷി’നെ ചൊല്ലിയുള്ളവിവാദങ്ങൾ അവസാനിക്കുന്നില്ല. വാരാണസിയിൽ സിനിമക്കെതിരേ പ്രതിഷേധിച്ച ഒരുസംഘം പോസ്റ്റർ കീറിയെറിഞ്ഞപ്പോൾ നിർമാതാക്കൾക്കെതിരേ നടപടി ആവശ്യപ്പെട്ട് ഹിന്ദുമഹാസഭ ലഖ്നൗ പോലീസിനെ സമീപിച്ചു. സിനിമ നിരോധിക്കണമെന്ന് അയോധ്യയിലെ സന്ന്യാസിമാർ ആവശ്യപ്പെട്ടു.

മോശവും അന്തസ്സാരമില്ലാത്തതുമായ സംഭാഷണങ്ങളിലൂടെ വിശ്വാസികളെ വേദനിപ്പിച്ച സിനിമ പ്രത്യേക അജൻഡയുടെ ഭാഗമാണെന്ന് സമാജ്വാദി പാർട്ടി ആരോപിച്ചു. സെൻസർബോർഡ് മഹാഭാരതത്തിലെ ധൃതരാഷ്ട്രരെപ്പോലേയാണോ എന്നാണ് എസ്.പി. നേതാവ് അഖിലേഷ് യാദവ് ചോദിച്ചത്.

ജീവനു ഭീഷണിയുണ്ടെന്ന് സംഭാഷണരചയിതാവായ മനോജ് ശുക്ള പറഞ്ഞു. തുടർന്ന് മുംബൈ പോലീസ് അദ്ദേഹത്തിന് സുരക്ഷ ഏർപ്പെടുത്തി. മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്താൻ ആർക്കും അധികാരമില്ലെന്നും സിനിമയിൽ മാറ്റംവരുത്താൻ സംവിധായകനും തിരക്കഥാകൃത്തും തയ്യാറാകണമെന്നും വാർത്താവിതരണമന്ത്രി അനുരാഗ് ശുക്ള പറഞ്ഞു.

പ്രഭാസ് നായകനായ സിനിമ ആദ്യമൂന്നുദിവസത്തിനിടെ 350 കോടി രൂപയ്ക്കുമുകളിൽ കലക്ഷൻ നേടിയതായി നിർമാതാക്കൾ അവകാശപ്പെട്ടു. സംഭാഷണങ്ങൾക്ക് പുറമേ ചില കഥാപാത്രങ്ങളുടെ രൂപത്തിന്റെപേരിലും വിവാദമുണ്ടായിരുന്നു. ചിത്രം സനാതനികളെ വേദനിപ്പിച്ചെന്നാണ് സമാജ്വാദി പാർട്ടി നേതാവ് ശിവപാൽ യാദവ് ട്വീറ്റ് ചെയ്തത്.