കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ബാധ്യതയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ‘കെ.എസ്.ആര്‍.ടി.സിക്ക് പ്രത്യേക പരിഗണന നല്‍കാനാവില്ല’. ശമ്പള വിതരണത്തിന് ധനസഹായം നല്‍കണമെന്ന വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.
റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍സ് നിയമപ്രകാരം സ്ഥാപിതമായതാണ് കെഎസ്ആര്‍ടിസി. മറ്റ് ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാപനങ്ങള്‍ക്ക് കൊടുക്കുന്ന പരിഗണന മാത്രമേ നല്‍കാനാകൂ.

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളക്കാര്യത്തില്‍ ഹൈക്കോടതി ചില കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. സാധാരണ ജീവനക്കാരുടെ ശമ്പളക്കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമനചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു..കഴിഞ്ഞ മാസത്തെ ശമ്പളം 22നകം കൊടുത്തു തീര്‍ക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും പൂര്‍ണമായും നടപ്പാക്കാന്‍ മാനേജ്‌മെന്റിനു സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിച്ചത്.

ശമ്പളം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജീവനക്കാരുടെ ഹര്‍ജി പരിഗണിക്കവേ, സര്‍ക്കാര്‍ സഹായമില്ലാതെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നല്‍കാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് അറിയിച്ചിരുന്നു. സഹായത്തിനായി സര്‍ക്കാരുമായി പലതവണ ചര്‍ച്ച നടത്തി.

എന്നാല്‍ ഡ്യൂട്ടി പരിഷ്‌കരണം നടപ്പിലാക്കിയാലേ സാമ്പത്തിക സഹായം അനുവദിക്കൂ എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് ഹൈക്കോടതിയെ അറിയിച്ചു. ശമ്പളം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും മാനേജ്‌മെന്റ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.