തിരുവനന്തപുരം > കൂടുതല്‍ വ്യവസായങ്ങളെ ആകര്‍ഷിക്കാനും നിലവിലുള്ളവയുടെ വികസനത്തിനും കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കാനും സമഗ്ര കര്‍മപദ്ധതി നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. വ്യവസായികളുമായി ഓണ്‍ലൈനില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം.

നൂറുദിനം, ഒരു വര്‍ഷം, അഞ്ചു വര്‍ഷം എന്നിങ്ങനെ കാലപരിധി നിശ്ചയിച്ച്‌ പദ്ധതികള്‍ നടപ്പാക്കും. ബജറ്റിലെയും പ്രകടനപത്രികയിലെയും പ്രഖ്യാപനങ്ങളെ അടിസ്ഥാനമാക്കിയാകും കര്‍മപദ്ധതി തയ്യാറാക്കുക.

മെഡിക്കല്‍ ഉപകരണങ്ങള്‍, ഇലക്‌ട്രോണിക്സ്, ഭക്ഷ്യ സംസ്കരണ വ്യവസായ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കും. എംഎസ്‌എംഇ മേഖലയില്‍ മൂന്നു ലക്ഷം യൂണിറ്റ് തുടങ്ങാനും ആറു ലക്ഷം തൊഴില്‍ സൃഷ്ടിക്കാനുമാണ് ലക്ഷ്യമിടുന്നത്. വ്യവസായങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തും. കേരളത്തില്‍ ട്രേഡ് സെന്റര്‍ യാഥാര്‍ഥ്യമാക്കും.

പ്രാദേശിക വ്യവസായ ക്ലസ്റ്ററുകള്‍ സ്ഥാപിക്കാന്‍ രൂപരേഖ തയ്യാറാക്കും. വ്യവസായങ്ങള്‍ക്കുള്ള ഏകജാലക സംവിധാനം ശക്തിപ്പെടുത്തും. വിജയകരമായ വ്യവസായങ്ങളെക്കുറിച്ച്‌ പഠനം നടത്തി വിജയവഴികള്‍ പുതിയ വ്യവസായികളെ പരിചയപ്പെടുത്തും. നിക്ഷേപകര്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കുന്ന കേന്ദ്രങ്ങളായി ജില്ലാ വ്യവസായ കേന്ദ്രങ്ങളെ മാറ്റും. തോട്ടംമേഖലയെ വ്യവസായമായാണ് സര്‍ക്കാര്‍ കാണുന്നത്. പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് രൂപീകരിക്കും.

വ്യവസായ വകുപ്പിന്റെ പ്രവര്‍ത്തനം സുതാര്യമായിരിക്കും. പ്രശ്നങ്ങള്‍ പരിശോധിക്കാനും പരിഹരിക്കാനുമായി പ്രത്യേക സംവിധാനം ഒരുക്കും. വ്യവസായ, നിയമ, തദ്ദേശ വകുപ്പുകളുടെ സെക്രട്ടറിമാര്‍ ഉള്‍പ്പെട്ട സമിതി ഇതിനായി രൂപീകരിച്ചതായും മന്ത്രി അറിയിച്ചു.

വ്യവസായ സെക്രട്ടറി ഡോ. ഇ ഇളങ്കോവന്‍, കെഎസ്‌ഐഡിസി എംഡി എം ജി രാജമാണിക്യം, വനിതാ–- യുവ സംരംഭകര്‍ ഉള്‍പ്പെടെ 80 വ്യവസായികള്‍, സിഐഐ, ഫിക്കി, ടിഐഇ, ചെറുകിട വ്യവസായ അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരും ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തു.