തൃശൂര്‍: ഒ.ബി.സി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്‍റ്​ റിഷി പല്‍പ്പുവിനെ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ബി.ജെ.പി ജില്ല ജനറല്‍ സെക്രട്ടറി കെ.ആര്‍. ഹരിക്കെതിരെ പൊലീസ് കേസെടുത്തു. കുഴല്‍പണ കേസില്‍ ബി.ജെ.പി നേതൃത്വത്തെ വിമര്‍ശിച്ച്‌ റിഷി സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടതിനെ തുടര്‍ന്നായിരുന്നു ഭീഷണി. തൃശൂര്‍ വെസ്​റ്റ്​ പൊലീസിന് നല്‍കിയ പരാതിയിലാണ് നടപടി. വധഭീഷണി മുഴക്കിയതിനും അസഭ്യം പറഞ്ഞതിനുമാണ് കേസെടുത്തത്. പരാതി നല്‍കിയതിന് പിന്നാലെ റിഷിയെ ബി.ജെ.പി സസ്പെന്‍ഡ് െചയ്തിരുന്നു.

ഇതിനിടെ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി റിഷി പല്‍പ്പു വീണ്ടും രംഗത്തെത്തി. താന്‍ പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും വിശദീകരണം കേള്‍ക്കാതെയാണ് തന്നെ പാര്‍ട്ടിയില്‍നിന്ന്​ പുറത്താക്കിയതെന്നും റിഷി പല്‍പ്പു പറഞ്ഞു. നേതൃത്വം തന്നോട് കാണിച്ചത് അനീതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, സമൂഹമാധ്യമത്തില്‍ കലാപത്തിന് ശ്രമിച്ചുവെന്നും പാര്‍ട്ടിയെയും നേതാക്കളെയും അപമാനിക്കാന്‍ ശ്രമിച്ചുവെന്നും ആരോപിച്ച്‌​ റിഷി പല്‍പ്പുവിനെതിരെ ബി.ജെ.പി പൊലീസില്‍ പരാതി നല്‍കി. ബി.ജെ.പി തൃശൂര്‍ നിയോജകമണ്ഡലം പ്രസിഡന്‍റ്​ രഘുനാഥ് സി. മേനോന്‍ ആണ് തൃശൂര്‍ ഈസ്​റ്റ്​ പൊലീസില്‍ പരാതി നല്‍കിയത്.