ഡല്‍ഹി: കോവിഡ് വാക്‌സിനുകള്‍ ഇടകലര്‍ത്തി നല്‍കുന്നതിനെതിരെ പ്രതികണവുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ സൈറസ് പൂനാവാല രംഗത്ത്. വാക്‌സിന് പിഴവ് സംഭവിച്ചാല്‍ അത് കമ്പനികള്‍ തമ്മില്‍ പരസ്പരം കുറ്റപ്പെടുത്തലിന് വഴി ഒരുക്കും എന്ന് അദ്ദഹം പറഞ്ഞു.
രാജ്യത്ത് കോവിഷീല്‍ഡ് , കോവാക്‌സിന്‍ എന്നിവ ഇടകലര്‍ത്തി നല്‍കുന്നത് പഠിക്കാന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ)അംഗീകാരം നല്‍കിയിരുന്നു. 300 ആരോഗ്യ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി തമിഴ്നാട് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലാകും ഇതിന്റെ പഠനവും ക്ലിനിക്കല്‍ പരീക്ഷണവും നടക്കുക.
സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ വിദഗ്ധ സമിതി പഠനം നടത്തുന്നതിനായി ശുപാര്‍ശ നല്‍കിയിരുന്നു. കോവിഡ് വാക്സിനെതിരെ ഒരേ വാക്സിന്‍ രണ്ടു ഡോസ് എടുക്കുന്നതിനെക്കാള്‍ വെവ്വേറെ വാക്സിനുകളുടെ ഓരോ ഡോസുവീതം സ്വീകരിക്കുന്നത് പ്രതിരോധശേഷി കൂട്ടുമെന്ന് ഐസിഎംആര്‍ പഠനം വ്യക്തമാക്കിയിരുന്നു.
അതേസമയം രാജ്യത്ത് അമേരിക്കന്‍ കമ്ബനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് വാക്സിന് അടിയന്തര ഉപയോഗാനുമതി നല്‍കിയിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചത്. ഇന്ത്യയില്‍ അനുമതി നല്‍കുന്ന അഞ്ചാമത്തെ കോവിഡ് വാക്സിനാണ് ഇത്.
അപേക്ഷയുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമാണ് നടപടി. ഒരു ദിവസം ഒരു കോടി ഡോസ് വാക്സിനേഷന്‍ എന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് കൂടൂതല്‍ വേഗം പകരുന്നതായിരിക്കും തീരുമാനം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ ഇ എന്ന കമ്ബനിയുമായി ചേര്‍ന്നാണ് ഇന്ത്യയില്‍ വാക്സിന്‍ വിതരണം ചെയ്യുക.
”രാജ്യത്തിന്റെ വാക്‌സിന്‍ ശേഖരണം വര്‍ധിച്ചിരിക്കുന്നു. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്ബനിയുടെ ഒറ്റ ഡോസ് വാക്‌സിന് അനുമതി നല്‍കി. ഇന്ത്യക്ക് ഇപ്പോള്‍ അടിയന്തര ഉപയോഗത്തിന് അനുമതിയുള്ള വാക്സിനുകളുടെ എണ്ണം അഞ്ച് ആയി. രാജ്യത്തിന്റെ കോവിഡ് പ്രതിരോധത്തിന് ഇത് വലിയ മുന്നേറ്റം സമ്മാനിക്കും”- മന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.
മൊഡേണയുടെ മൂന്നാം ഡോസ് കോവിഡ് വാക്‌സിന്‍ അവയവമാറ്റ രോഗികളില്‍ ഫലപ്രദമെന്ന് പഠനം
മൊഡേണയുടെ കോവിഡ് വാക്‌സിന്‍ പുതിയ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു. അവയവദാന പ്രക്രിയയിലൂടെ കടന്ന് പോകുന്ന രോഗികള്‍ക്ക് മൊഡേണയുടെ കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് വാക്‌സിന്‍ സംരക്ഷണം ഒരുക്കുമെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. അവയവദാനത്തിലൂടെ അവയവം സ്വീകരിക്കുന്നവര്‍ക്ക് പൊതുവേ രോഗ പ്രതിരോധശേഷി കുറവായിരിക്കും. ഇങ്ങനെയുള്ളവരില്‍ മൂന്നാം ഡോസ് വാക്‌സിന്‍ ഉയര്‍ന്ന പ്രതിരോധം സൃഷ്ടിക്കുന്നുണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ കനേഡിയന്‍ ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്തത്.
ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലാണ് ഇത് സംബന്ധിച്ച പഠനം റിപ്പോര്‍ട്ട് ചെയ്തത്. വിപുലമായ പഠനമല്ല നടത്തിയിരിക്കുന്നത് എങ്കില്‍ പോലും ദുര്‍ബലരായ ഈ വിഭാഗത്തിന് വേണ്ടി നടത്തിയ ഏറ്റവും കൃത്യതയുള്ള മൂന്നാം ഡോസ് മരുന്ന് പരീക്ഷണമാണ് ഇവരുടേത്.
കൊറോണ വൈറസിന്റെ മാരകം എന്ന് കരുതുന്ന ഡെല്‍റ്റ വേരിയന്റ് ഇപ്പോള്‍ ഉയര്‍ന്ന തോതിലാണ് പകരുന്നത്. എങ്കിലും മൊഡേണയ്ക്കും സമാനമായ മറ്റ് വാക്‌സിനുകള്‍ക്കും മിക്ക ആളുകളിലും മികച്ച സംരക്ഷണം ഒരുക്കാന്‍ സാധിക്കുന്നുണ്ട്. അതേസമയം, അവയവ മാറ്റങ്ങള്‍, അര്‍ബുദം, മുതലായ മാരക തകരാറുകള്‍ അനുഭവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ നമുക്ക് ചുറ്റും ഉണ്ട്. അവരുടെ രോഗപ്രതിരോധശേഷിയും ആരോഗ്യവും വളരെ ദുര്‍ബ്ബലമായിരിക്കും. അതിനാല്‍ തന്നെ സാധാരണ രോഗ പ്രതിരോധശേഷിയുള്ളവരില്‍ ഫലം കാണുന്ന വാക്‌സിന്‍ ഉപയോഗം അവരില്‍ ഫലം കാണിക്കണം എന്നില്ല. അവരില്‍ ചിലരെ എങ്കിലും സഹായിക്കാന്‍ വാക്‌സിന്റെ അധിക ഡോസിന് കഴിയുമെന്നതിന് വളരെ പരിമിതമായ തെളിവുകള്‍ ശാസ്ത്ര ലോകത്തിന് ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഉള്ളവരില്‍ അധിക ഡോസ് നല്‍കുന്ന കാര്യം അമേരിക്ക ഇപ്പോള്‍ പരിഗണിക്കുന്നുണ്ട്, ഒപ്പം ഫ്രാന്‍സും ഇസ്രയേലും ഇത് ശുപാര്‍ശ ചെയ്യുന്നുമുണ്ട്.
ടോറന്റോസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍, അവയവമാറ്റം സ്വീകരിച്ച 120 രോഗികളിലാണ് മൂന്നാം ഡോസ് മരുന്നിന്റെ പരീക്ഷണം നടത്തിയത്. മൊഡേണയുടെ രണ്ടാം ഡോസ് വാക്‌സിന്‍ എടുത്ത് രണ്ട് മാസത്തിന് ശേഷമാണ് മൂന്നാം ഡോസ് മരുന്ന് നല്‍കിയത്, കൂടെയൊരു ഡമ്മി ഷോട്ടും നല്‍കി.
അധികം താമസിക്കാതെ തന്നെ, മൂന്നാം ഡോസ് മരുന്ന് സ്വീകരിച്ച 55 ശതമാനം രോഗികളിലുടെ രക്തത്തിലും വൈറസിനെ പ്രതിരോധിക്കുന്ന ആന്റിബോഡികളുടെ സാന്നിധ്യം ഉയര്‍ന്ന അളവില്‍ കണ്ടെത്തി. രണ്ട് ഡോസ് വാക്‌സിനും ഒരു ഡമ്മി വാക്‌സിന്‍ ഷോട്ടും ലഭിച്ചവരെ അപേക്ഷിച്ച് ഇവരില്‍ ഉയര്‍ന്ന രോഗപ്രതിരോധ ശേഷിയാണ് ഉണ്ടായത്. ശരീരത്തിന്റെ ഒരു പ്രതിരോധ കവചം മാത്രമാണ് ആന്റിബോഡികള്‍; മൂന്നാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിച്ച രോഗികളില്‍ മാരക രോഗങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്ന ടി കോശങ്ങളുടെ സാന്നിധ്യം കണ്ടെത്തി. ഇതിന്റെ പാര്‍ശ്വഫലങ്ങളും മിതമായതാണ്.
പുതിയ ഗവേഷണം പറയുന്നത്, ഒരു അധിക ഡോസ് വാക്‌സിന്‍ അവയവ മാറ്റ ഗുണഭോക്താക്കള്‍ക്ക് ഫലപ്രദമാകും എന്നാണെന്ന് പുതിയ ഗവേഷണത്തില്‍ പങ്കെടുത്തിട്ടില്ല എങ്കിലും ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാലയിലെ അവയവ മാറ്റ സര്‍ജനായ ഡോ. ഡോറി സെഗവ് പറയുന്നു. സാധാരണ വാക്‌സിന്‍ ഡോസുകള്‍ സ്വീകരിച്ച രോഗികള്‍ക്ക് വളരെ നല്ല രോഗ പ്രതിരോധ ശേഷിയായിരുന്നു ഉണ്ടായിരുന്നത്, അവരില്‍ അധിക ഡോസ് വാക്‌സിന്‍ ഫലം കാണിക്കുകയും ചെയ്തു. അതേസമയം, വാക്‌സിന്‍ നല്‍കും മുന്‍പ് രോഗിയുടെ ആന്റിബോഡിയുടെ അളവ് പരിശോധിക്കേണ്ടത് പ്രധാനമാണെന്ന്, സുക്ഷിതരല്ലാത്ത അവയവമാറ്റ ഗുണഭോക്തരിലെ അധിക ഡോസുകളെക്കുറിച്ച് അമേരിക്കയുടെ ഒരു പഠനത്തിന് നേതൃത്വം നല്‍കുന്ന സെഗവ് ഓര്‍മ്മിപ്പിക്കുന്നു.



