ബൈറൂത്: യു.എസ് മധ്യസ്ഥത വഹിച്ച ചർച്ചയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷവും ലബനാനിൽ ഇസ്രായേൽ ആക്രമണം തുടരുന്നു. തെക്കൻ ലെബനനിലുടനീളം ഇസ്രായേലി ആക്രമണങ്ങളിൽ ഉന്നത ലെബനൻ സൈനിക ഉദ്യോഗസ്ഥൻ അടക്കം 12 പേർ കൊല്ലപ്പെട്ടു. ഖാർദാലി-നബത്തിഹ് റോഡിൽ സൈനിക വാഹനത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഒരു ബ്രിഗേഡിയർ ജനറലും ഒരു ക്യാപ്റ്റനും ഒരു സൈനികനും മരിച്ചതായി ലെബനൻ സൈന്യം അറിയിച്ചു. സമാധാനത്തിനുള്ള എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്താനാണ് ഇസ്രായേൽ മനപ്പൂർവവും ആവർത്തിച്ചുള്ളതുമായ ക്രൂര ആക്രമണം തുടരുന്നതെന്ന് ലെബനൻ സൈന്യം പറഞ്ഞു.
എന്നാൽ ആക്രമണം നടന്നത് സജീവമായ പോരാട്ട മേഖലയിലാണെന്നും സംഭവം അന്വേഷണത്തിലാണ് എന്നുമാണ് ഇസ്രായേൽ സൈന്യത്തിന്റെ വിശദീകരണം.ആക്രമണത്തെ ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ അപലപിച്ചു. ലെബനൻ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണിതെന്നും അദ്ദേഹം പറഞ്ഞു. ലെബനൻ പ്രധാനമന്ത്രി നവാഫ് സലാം ഇതിനെ “ഹീനമായ കുറ്റകൃത്യവും ലെബനനും ലെബനൻ ജനതയ്ക്കും നേരെയുള്ള ആക്രമണവും” എന്ന് വിശേഷിപ്പിച്ചു.
ബ്രിഗേഡിയർ ജനറൽ വാസം സബ്ര, ക്യാപ്റ്റൻ എലി ഖൗറി, സൈനികൻ ഹുസൈൻ ഗോസൽ എന്നിവരാണ് ഇന്നലെ സൈനിക വാഹനത്തിനു നേരെയുള്ള ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മാർച്ച് 2 ന് സംഘർഷം ആരംഭിച്ചതിനുശേഷം 50 ൽ അധികം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു.
ആദ്യമായാണ് ഉന്നതനായ ഒരു ജനറൽ കൊല്ലപ്പെടുന്നത്. സമാധാന ചർച്ചകൾക്കായി പാക് ഫീൽഡ് മാർഷൽ അസിം മുനീറുമായി ചർച്ചകൾക്കായി ലെബനൻ സൈനിക കമാൻഡർ ജനറൽ റുഡോൾഫ് ഹെയ്ക്കൽ പാകിസ്താനിലേക്ക് കതിരിച്ചു. ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ തുടരുന്നതിനിടെയാണ് ഹെയ്കലിന്റെ സന്ദർശനം. ലെബനനിനെതിരായ ഇസ്രായേൽ ആക്രമണങ്ങളാണ് പ്രധാന പ്രശ്നങ്ങളിലൊന്ന്. ആക്രമണം ഹീനമായ കുറ്റകൃത്യമാണെന്നും ശത്രുവിന്റെ ആവശ്യങ്ങൾക്ക് പൂർണമായി കീഴടങ്ങുക വഴി ലെബനൻ സർക്കാർ രാജ്യത്തെ രക്തച്ചൊരിച്ചിലിന് വിധേയമാക്കിയെന്നും ഹിസ്ബുല്ല ആരോപിച്ചു.



