റോഡ് ഐലൻഡ്: ട്രംപ് ഭരണകൂടത്തിന്റെ വിപുലീകരിച്ച യാത്രാവിലക്കിന്റെ ഭാഗമായി ഗ്രീൻ കാർഡ്, തൊഴിൽ അനുമതി (വർക്ക് പെർമിറ്റ്), അഭയനയം (അഭയാർത്ഥി അപേക്ഷകൾ) എന്നിവ മരവിപ്പിച്ചുകൊണ്ടുള്ള യു.എസ് യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന്റെ നടപടി യു.എസ് ഫെഡറൽ കോടതി തടഞ്ഞു.

39 രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് ഏർപ്പെടുത്തിയ ഈ അപ്രതീക്ഷിത വിലക്ക് നിയമവിരുദ്ധമാണെന്ന് റോഡ് ഐലൻഡ് ഡിസ്ട്രിക്റ്റ് ജഡ്ജി ജോൺ മക്കോണൽ വിധിച്ചു. രാജ്യസുരക്ഷയുടെ പേരുപറഞ്ഞ് അപേക്ഷകൾ അനിശ്ചിതകാലത്തേക്ക് കെട്ടിവെക്കാൻ ഇമിഗ്രേഷൻ വകുപ്പിന് നിയമപരമായ അധികാരമില്ലെന്ന് 135 പേജുള്ള വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. നിയമം കൃത്യമായി പാലിച്ച് അപേക്ഷ നൽകിയ ആയിരക്കണക്കിന് കുടിയേറ്റക്കാർക്ക് ഈ വിധി വലിയ ആശ്വാസമാകും.

കോടതി ഉത്തരവോടെ, നിർത്തിവെച്ച അപേക്ഷകളുടെ പ്രോസസ്സിംഗ് ഇമിഗ്രേഷൻ വകുപ്പ് ഉടൻ പുനരാരംഭിക്കേണ്ടി വരും. ചില പ്രത്യേക രാജ്യങ്ങളിൽ നിന്നുള്ളവരായതുകൊണ്ട് മാത്രം അപേക്ഷകരെ സംശയത്തോടെ കാണരുതെന്നും കോടതി നിർദ്ദേശിച്ചു. അതേസമയം, ഈ കോടതിവിധി ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ് പ്രതികരിച്ചു.