വാഷിംഗ്‌ടൺ ഡി സി :ബഹ്‌റൈൻ, കുവൈറ്റ് എന്നീ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമാക്കി ഇറാൻ തൊടുത്ത ആറ് ബാലിസ്റ്റിക് മിസൈലുകളും നാല് ഡ്രോണുകളും തങ്ങൾ വെടിവെച്ചിട്ടതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഹോർമുസ് കടലിടുക്കിന് നേരെ വന്ന ഡ്രോണുകളാണ് യു.എസ് സേന തകർത്തത്. ആകെ വിക്ഷേപിച്ച ഏഴ് മിസൈലുകളിൽ ആറെണ്ണം അമേരിക്ക തടഞ്ഞു, ഒരെണ്ണം ലക്ഷ്യസ്ഥാനത്ത് എത്തിയില്ല.

ഇതിന് ശക്തമായ തിരിച്ചടിയെന്നോണം, ഇറാനിലെ ഗോരുക് , ഖേഷ്മ് ദ്വീപ് എന്നിവിടങ്ങളിലെ തീരദേശ നിരീക്ഷണ റഡാർ കേന്ദ്രങ്ങൾക്ക് നേരെ യു.എസ് വ്യോമാക്രമണം നടത്തി.

ഫെബ്രുവരിയിൽ നടന്ന യു.എസ് ആക്രമണങ്ങൾക്ക് ശേഷം ഇറാന്റെ മിസൈൽ ശേഖരം ഇപ്പോൾ വെറും 21% – 22% മാത്രമായി ചുരുങ്ങിയിട്ടുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കയുമായുള്ള ചർച്ചകൾ തടസ്സപ്പെട്ടതിനെ തുടർന്ന് മിഡിൽ ഈസ്റ്റിൽ കനത്ത രാഷ്ട്രീയ സമ്മർദ്ദം ചെലുത്താനാണ് ഇറാൻ ഇപ്പോൾ ശ്രമിക്കുന്നത്.

അതേസമയം, യു.എസ് മധ്യസ്ഥതയിൽ ഉണ്ടാക്കിയ വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ തെക്കൻ ലെബനനിൽ നടത്തിയ വ്യോമാക്രമണത്തിൽ ലബനീസ് സൈനികരടക്കം 9 പേർ കൊല്ലപ്പെട്ടു. പ്രകോപനം തുടരുന്ന പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിൽ കനത്ത ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.