ന്യൂഡല്‍ഹി: വാക്‌സിന്‍ കയറ്റുമതി നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്ന 91 രാജ്യങ്ങളെ കാര്യമായി ബാധിച്ചുവെന്ന് ലോക ആരോഗ്യ സംഘടന. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിനെ ആശ്രയിക്കുന്ന രാജ്യങ്ങളെയാണ് കയറ്റുമതി നിരോധനം ബാധിച്ചത്.
ആഫ്രിക്കന്‍ രാജ്യങ്ങളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത്. അസ്ട്രാസെനക്കയ്ക്ക് കൂടുതല്‍ വാക്‌സിനുകള്‍ വിതരണം ചെയ്യാന്‍ സാധിക്കാത്തത് പ്രതിസന്ധിക്ക് കാരണമായതായി ലോക ആരോഗ്യ സംഘടന മുഖ്യ ശാസ്ത്രജ്ഞ ഡോ.സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.
ബി.1.617.2 വകഭേദമടക്കം ഈ രാജ്യങ്ങളില്‍ വ്യാപിക്കുന്നുവെന്നും അവര്‍ പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ മിക്ക ആഫ്രിക്കന്‍ രാജ്യങ്ങളും അവരുടെ ജനസംഖ്യയുടെ 0.5 ശതമാനത്തില്‍ താഴെ മാത്രമേ വാക്‌സിനേഷന്‍ നടത്തിയിട്ടുള്ളൂവെന്നും അവിടങ്ങളിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പോലും ഇതുവരെ വാക്‌സിന്‍ നല്‍കിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.



